പിറന്നാൾ ആഘോഷിക്കാൻ നിരഞ്ജനില്ല, ചേതനയറ്റ മകന്റെ മുന്നിൽ കേക്ക് മുറിച്ച് കുടുംബം’; മരണത്തിനിടയാക്കിയത് അധ്യാപകരുടെ മാനസികപീഡനമെന്ന് പൊലീസിൽ പരാതി

ശാസ്താംകോട്ട : പ്ലസ്ടു വിദ്യാർഥി നിരഞ്ജന്റെ മരണത്തിനിടയാക്കിയത് മാനസികപീഡനമെന്ന് ആരോപണം. ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി. ആനയടി ‘നിരഞ്ജന’ (പുതുവാര്യത്ത്) സന്തോഷിന്റെയും രാജിയുടെയും മകനും ശൂരനാട് ഗവ. എച്ച്എസ്എസിലെ വിദ്യാർഥിയുമായ നിരഞ്ജൻ (17) ആണു കഴിഞ്ഞ ദിവസം പുലർച്ചെ വീടിനുള്ളിൽ മരിച്ചത്.
സഹപാഠികളും ഉറ്റവരും നാട്ടുകാരും ചേർന്നു കണ്ണീരോടെ നിരഞ്ജനു യാത്രാമൊഴിയേകി. ഇന്നലെ നിരഞ്ജന്റെ ജന്മദിനമായിരുന്നു. രാജി കഴിഞ്ഞ ദിവസം മകനെ കൂട്ടിക്കൊണ്ടുപോയി പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകിയിരുന്നു.വീട്ടിലെത്തിച്ച നിരഞ്ജന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ മാതാപിതാക്കളും സഹോദരി നക്ഷത്രയും ചേർന്നു കണ്ണീരോടെ പിറന്നാൾ കേക്കു മുറിച്ചത് സങ്കടക്കാഴ്ചയായി.
നിരഞ്ജനു മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും സ്കൂളിലെ വിനോദയാത്രയ്ക്കിടെ നടന്ന സംഭവങ്ങളുടെ പേരിൽ അധ്യാപകർ നടത്തിയ മാനസിക പീഡനമാണു മരണത്തിനു കാരണമായതെന്നും നടപടി ആവശ്യപ്പെട്ടു പൊലീസിൽ പരാതി നൽകിയെന്നും കുടുംബം അറിയിച്ചു.
രാവിലെ സ്കൂളിൽ പൊതുദർശനത്തിനായി മൃതദേഹം എത്തിച്ചപ്പോൾ വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതർക്കെതിരെ പരാതികളുമായി രംഗത്തെത്തി. പൊതുദർശനം അവസാനിച്ചതോടെ പ്രിൻസിപ്പലിന്റെ ഓഫിസിനു മുന്നിലും വിദ്യാർഥികൾ പ്രതിഷേധിച്ചു.തുടർന്നു പൊലീസ് ഇടപെട്ടു പ്രിൻസിപ്പലിനെ വീട്ടിലേക്കു മാറ്റിയതോടെയാണു രംഗം ശാന്തമായത്. ആത്മഹത്യക്കുറിപ്പിൽ സ്കൂളിനെതിരെ പരാമർശമില്ലെന്നും അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറുമെന്നും ശൂരനാട് പൊലീസ് പറഞ്ഞു.
എന്നാൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവവുമായി സ്കൂളിനും അധ്യാപകർക്കും യാതൊരു ബന്ധവുമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ശൂരനാട് പൊലീസ് എസ്എച്ച്ഒ, ജില്ലാ ശിശു സംരക്ഷണ ഓഫിസർ, സ്കൂൾ പ്രിൻസിപ്പൽ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.





