പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം, വെള്ളറട കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ ആറ് പേർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: സർക്കാരിന്റെ ജനകീയ പദ്ധതിയായ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കും എതിരെ കടുത്ത വകുപ്പുതല നടപടി സ്വീകരിച്ചു.
യാത്രക്കാർക്കിടയിൽ ഭീതി പരത്തുന്ന രീതിയിൽ വെള്ളറട ഡിപ്പോ ഉടൻ പൂട്ടുമെന്ന തരത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് കുപ്രചരണം നടത്തിയതിനും ഡിപ്പോയിൽ രാഷ്ട്രീയ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനുമാണ് നടപടി എന്ന് അധികൃതർ അറിയിച്ചു.
കോൺഗ്രസ് അനുകൂല സംഘടന പ്രവർത്തകർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി പ്രഖ്യാപിച്ചത്. ഇതിൽ ഒരു താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തു.മറ്റ് ജീവനക്കാരെ സ്ഥലം മാറ്റി.
നടപടി നേരിട്ടവർ: സുധീർ എസ്. (സ്റ്റേഷൻ മാസ്റ്റർ), ഷാജികുമാർ (കണ്ടക്ടർ), മോഹൻരാജ് (കണ്ടക്ടർ), അനീത് ജെ എൽ (കണ്ടക്ടർ), ദീപക് (കണ്ടക്ടർ), രതീഷ് ആർ.ജെ. (കണ്ടക്ടർ) എന്നിവരാണ്. ഇവരെ മറ്റ് ഡിപ്പോകളിലേക്ക് സ്ഥലം മാറ്റി.ജനപക്ഷ പദ്ധതികളെ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇത്തരം ജീവനക്കാർക്കെതിരെ വരുംദിവസങ്ങളിലും കർശന നടപടികൾ തുടരും എന്നാണ് കെഎസ്ആർടിസിയുടെ നിലപാട്.
സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതി സർക്കാരിന്റെ പ്രധാന ജനക്ഷേമ പദ്ധതികളിൽ ഒന്നാണ്. ഈ പദ്ധതിയുടെ നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷ യൂണിയനിലെ പ്രവർത്തകരായ ജീവനക്കാർക്കെതിരായ നടപടിയിൽ ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധത്തിനൊരുങ്ങുന്നുണ്ട് എന്നാണ് വിവരം.
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന മാനേജ്മെന്റ് വിശദീകരണത്തിനെതിരെ ഇവർ രംഗത്തെത്തിയേക്കും. വെള്ളറട ഡിപ്പോയിൽ പദ്ധതിയുടെ നടത്തിപ്പ് സാധാരണ നിലയിൽ തുടരുമെന്നും യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.





