Kasargod

കാസർകോട് കുറുനരിയുടെ ആക്രമണം; പശുവിനെ കറക്കുന്നതിനിടെ ഗൃഹനാഥന് കടിയേറ്റു, നാട്ടുകാർ കുറുനരിയെ കൊന്നു

Please complete the required fields.




കാസർകോട്: പിലിക്കോട് മണിയാട്ട് പുലർച്ചെ കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. പ്രദേശത്തെ മൂന്ന് പശുക്കളെയും കുറുനരി കടിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ കുറുനരിയെ കണ്ടെത്തി കൊന്നു.

ഇന്ന് പുലർച്ചെയാണ് സംഭവം. മണിയാട്ട് സ്വദേശി അനിൽ കുമാർ (45) ആണ് ആദ്യം കുറുനരിയുടെ കടിയേറ്റത്. വീട്ടിൽ പശുവിനെ കറക്കുന്നതിനിടെയാണ് കുറുനരി പെട്ടെന്ന് പാഞ്ഞെത്തി കടിച്ചത്.അനിൽ കുമാറിന്റെ കാലിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അനിൽ കുമാറിനെ കടിക്കുന്നതിന് മുൻപ് സമീപത്തെ മൂന്ന് പശുക്കളെയും കുറുനരി കടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. സംഭവത്തെ തുടർന്ന് പിലിക്കോട് പഞ്ചായത്ത് പ്രദേശത്ത് ജാഗ്രത നിർദേശം നൽകി.

കുട്ടികളും മുതിർന്നവരും രാവിലെ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നും വളർത്തുമൃഗങ്ങളെ സുരക്ഷിതമായി കെട്ടണമെന്നും നിർദേശിച്ചു. പഞ്ചായത്തിന്റെ നിർദേശത്തെ തുടർന്ന് നാട്ടുകാർ സംഘം ചേർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തി.
ഒടുവിൽ സമീപത്തെ കാട്ടുപ്രദേശത്ത് നിന്ന് കുറുനരിയെ കണ്ടെത്തി കൊല്ലുകയായിരുന്നു. കുറുക്കനെ പിടികൂടുന്നതിനിടെയാണ് മറ്റൊരു അപകടം ഉണ്ടായത്. പ്രദേശവാസിയായ ടി കെ രതീഷിനും കുറുനരിയുടെ കടിയേറ്റു. ഇദ്ദേഹവും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

കുറുനരിയുടെ ശരീരഭാഗങ്ങൾ ആരോഗ്യവകുപ്പ് അധികൃതർക്ക് കൈമാറി. റാബീസ് ബാധയുണ്ടായിരുന്നോ എന്ന് പരിശോധിക്കാനാണ് ഇത്. കടിയേറ്റ രണ്ട് പേർക്കും ആന്റി റാബീസ് വാക്സിൻ നൽകിയിട്ടുണ്ട്.പശുക്കൾക്കും പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനുള്ള നടപടികൾ വെറ്ററിനറി വകുപ്പ് ആരംഭിച്ചു. പ്രദേശത്ത് സമാനമായ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ വനംവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത പരിശോധന നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Related Articles

Back to top button