Kasargod

പൂട്ടിയിട്ട മുറിയിൽ അസഹനീയ ദുർഗന്ധം; കാസർകോട് കഴുത്ത് മുറുക്കിയ നിലയിൽ ജീർണ്ണിച്ച മൃതദേഹം, കൂടെ താമസിച്ചവരെ കാണാനില്ല

Please complete the required fields.




കാസർകോട്: തളങ്കര കടവത്തെ കെട്ടിടത്തിലെ പൂട്ടിയിട്ട മുറിക്കുള്ളിൽ ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. കഴുത്ത് മുറുക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇയാൾക്കൊപ്പം താമസിച്ചിരുന്ന മറ്റ് മൂന്ന് പേരെ കാണാതായതോടെ സംഭവത്തിൽ ശക്തമായ ദുരൂഹതയും കൊലപാതക സംശയവും ഉയർന്നുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം പുറത്തറിയുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കട നടത്തുന്ന വ്യാപാരി മുകളിൽ ഷീറ്റിടാൻ കയറിയപ്പോഴാണ് അസഹനീയമായ ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജനലിലൂടെ നോക്കിയപ്പോൾ മുറിക്കുള്ളിൽ അനക്കമില്ലാതെ ഒരാൾ കിടക്കുന്നത് കാണുകയും ഉടൻ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയുമായിരുന്നു.

വെള്ളിയാഴ്ച രാവിലെ പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ അഞ്ചാം തീയതി മുതൽ കർണാടക സ്വദേശികളായ നാലംഗ സംഘമാണ് ഈ മുറിയിൽ താമസത്തിനെത്തിയിരുന്നത്. മൃതദേഹം കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഒപ്പമുണ്ടായിരുന്നവർ സ്ഥലംവിട്ടതായാണ് പോലീസ് സംശയിക്കുന്നത്. ഇവർ ആരാണെന്നതിനെക്കുറിച്ചും എവിടെ നിന്നാണ് എത്തിയതെന്നതിനെക്കുറിച്ചും പോലീസ് ഊർജ്ജിതമായി അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button