Kozhikode

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ‘പോരാളി ഷാജി’ ഗ്രൂപ്പ് അഡ്മിനും നാദാപുരം, വടകര സ്വദേശികളുമുൾപ്പെടെ മൂന്ന് ഡിവൈഎഫ്ഐക്കാർ കൂടി പ്രതിപ്പട്ടികയിൽ

Please complete the required fields.




വടകര : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ വൻ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെക്കൂടി പ്രത്യേക അന്വേഷണ സംഘം (SIT) പ്രതിചേർത്തു. കാഫിർ സ്‌ക്രീൻഷോട്ട് ഫേസ്ബുക്കിൽ പ്രചരിപ്പിച്ച തൃശൂർ സ്വദേശിയും സി.പി.എം അനുകൂല സൈബർ ഗ്രൂപ്പായ ‘പോരാളി ഷാജി’യുടെ അഡ്മിനുമായ വഹാബ്, നാദാപുരം സ്വദേശി അതുൽ, തിരുവള്ളൂർ സ്വദേശി അതുൽ പ്രസാദ് എന്നിവരെയാണ് കേസിലെ പുതിയ പ്രതികളാക്കിയത്.

പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകി ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകരായ ജിതിൻ ഭാസ്കരൻ, റിബേഷ് രാമകൃഷ്ണൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ഒന്നാം പ്രതി നിർമ്മിച്ച കാഫിർ സ്‌ക്രീൻഷോട്ട് ‘റെഡ് എൻകൗണ്ടർ’ എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിൽ ആദ്യം പോസ്റ്റ് ചെയ്തത് റിബേഷാണെന്ന് എസ്.ഐ.ടി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് അമ്പാടിമുക്ക് സഖാക്കൾ ഉൾപ്പെടെയുള്ള മറ്റ് സി.പി.എം അനുകൂല ഗ്രൂപ്പുകളിലേക്ക് ഈ വ്യാജ പ്രചാരണം പടർന്നത്.

അതേസമയം, പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. മെറ്റയിൽ (Meta) നിന്ന് വിവരങ്ങൾ ലഭിക്കാത്തത് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന് തടസ്സമായിട്ടുണ്ട്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിൽ നിന്ന് അടിയന്തരമായി വിവരങ്ങൾ ലഭ്യമാക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

Related Articles

Back to top button