Kasargod

കാവലിരിക്കേണ്ടവൻ തന്നെ കള്ളൻ! സ്റ്റേഷനിൽ ഏൽപ്പിച്ച ഫോൺ സി.പി.ഒ അടിച്ചുമാറ്റി വിറ്റു; കുടുങ്ങിയത് സിസിടിവിയിൽ

Please complete the required fields.




കാസർഗോഡ്: ചന്തേര പൊലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾ കളഞ്ഞുകിട്ടി ഏൽപ്പിച്ച മൊബൈൽ ഫോൺ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ (സിപിഒ) മോഷ്ടിച്ചു. കാസർഗോഡ് ചന്തേര സ്റ്റേഷനിലെ സിപിഒ ബൈജുവിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ അതിഥി തൊഴിലാളിക്കാണ് വഴിയിൽ നിന്ന് ഫോൺ കളഞ്ഞുകിട്ടിയത്.

തുടർന്ന് അദ്ദേഹം ഫോൺ ചന്തേര പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഏൽപ്പിക്കുകയും അധികൃതർ വിവരങ്ങൾ പാറാവ് ബുക്കിൽ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുകയുമായിരുന്നു. എന്നാൽ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ബൈജു ബുക്കിൽ രേഖപ്പെടുത്തിയ ഫോൺ മോഷ്ടിക്കുകയായിരുന്നു.

സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച ഫോൺ ബൈജു പിന്നീട് മറ്റൊരാൾക്ക് വിറ്റതായും അന്വേഷണത്തിൽ വ്യക്തമായി. സ്റ്റേഷനിൽ നിന്ന് ഫോൺ കാണാതായതിനെ തുടർന്ന് നടത്തിയ സൈബർ പരിശോധനയിലാണ് ഫോൺ വാങ്ങിയ ആളെ കണ്ടെത്താനായത്. തനിക്ക് ഈ ഫോൺ നൽകിയത് സിപിഒ ബൈജുവാണെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. കൂടാതെ സ്റ്റേഷനിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കുന്നതിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ബൈജുവിനെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചു.

Related Articles

Back to top button