Kozhikode

‘ഫ്രഷ്‌ കട്ട്’ മാലിന്യസംസ്കരണ പ്ലാന്റ് പൂട്ടണം; പി.കെ. ഫിറോസ്

Please complete the required fields.




കട്ടിപ്പാറ : അമ്പായത്തോട്ട്‌ പ്രവർത്തിക്കുന്ന ‘ഫ്രഷ്‌ കട്ട്’ കോഴിയറവുമാലിന്യ സംസ്കരണപ്ലാന്റ് അടിയന്തരമായി പൂട്ടണമെന്നും നിലവിലെ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകണമെന്നും പി.കെ. ഫിറോസ് എം.എൽ.എ. ആവശ്യപ്പെട്ടു.

പ്ലാന്റിന്റെ പ്രവർത്തനം അടിയന്തരമായി തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടതായും വിഷയത്തിൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകിയതായും എം.എൽ.എ. അറിയിച്ചു. ഞായറാഴ്ച പ്ലാന്റ് സന്ദർശിച്ചശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് എം.എൽ.എ. ഇക്കാര്യം വ്യക്തമാക്കിയത്. താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമരസമിതി പ്രവർത്തകരും എം.എൽ.എ.യ്ക്കൊപ്പം ഫാക്ടറി സന്ദർശനത്തിനെത്തി.

ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി പ്ലാന്റിന്റെ പ്രവർത്തനം ഉടൻ നിർത്തിവെക്കാൻ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടതായി എം.എൽ.എ. അറിയിച്ചു. നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധസമിതിയെ നിയോഗിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചിരുന്നതുമാണ്. അതുസംബന്ധിച്ച നടപടികൾ പുരോഗതിയിലാണ്.

മേഖലയിലെ പ്രധാന ജലസ്രോതസ്സായ പുഴ മലിനമാകാൻ ഇടയാക്കിയ സാഹചര്യം അതിഗൗരവമുള്ളതും പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണിയുമാണെന്ന് എം.എൽ.എ. പറഞ്ഞു. പുഴയോരത്ത് പ്രവർത്തിക്കുന്ന പ്ലാന്റിൽ വെള്ളം കയറിയതിനെത്തുടർന്ന് അവിടെ സൂക്ഷിച്ചിരുന്ന അറവുമാലിന്യം ജലസ്രോതസ്സിലേക്ക് ഒഴുകിപ്പോയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച വെള്ളം കയറി പ്ലാൻറിൽനിന്നുള്ള മാലിന്യം ഇരുതുള്ളിപ്പുഴയിലേക്ക് കലർന്നതായി കാണിച്ച് താമരശ്ശേരി പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോർഡിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Related Articles

Back to top button