Kozhikode

എത്ര വീണാലും പഠിക്കില്ല ; നാലാം പ്ലാറ്റ്ഫോമിൽ അപകടഭീഷണിയായി 60 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം

Please complete the required fields.




കോഴിക്കോട് : ട്രെയിനുകൾ നിർത്തുകയും കടന്നുപോകുകയും ചെയ്യുന്ന നാലാം പ്ലാറ്റ്ഫോമിൽ അപകടഭീഷണിയായി 60 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം. ട്രാക്കിനോട് ചേർന്നുനിൽക്കുന്ന കെട്ടിടത്തിന്റെ പല ഭാഗവും ജീർണിച്ചനിലയിലാണ്. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ ഒരു ഭാഗം അടർന്നുവീണത് യാത്രക്കാരിലും ജീവനക്കാരിലും ആശങ്കയുയർത്തി.

അവശിഷ്ടങ്ങൾ പ്ലാറ്റ്ഫോമിനും കെട്ടിടത്തിനുമിടയിലെ ഓവുചാലിലേക്കാണ് വീണത്. മംഗലാപുരത്തേക്കുള്ള ട്രെയിനുകൾ ഉൾപ്പെടെ ‌ഒട്ടേറെ ട്രെയിനുകൾ കടന്നുപോകുകയും നിർത്തുകയും ചെയ്യുന്ന പ്ലാറ്റ്ഫോമാണിത്. അതിനാൽ കെട്ടിടത്തിന്റെ ഭാഗങ്ങൾ ട്രാക്കിലേക്കോ പ്ലാറ്റ്ഫോമിലേക്കോ പതിച്ചാൽ യാത്രക്കാരുടെയും റെയിൽവേ ഗതാഗതത്തിന്റെയും സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

റെയിൽവേ ഭൂമി വാടകയ്ക്കെടുത്താണ് കെട്ടിട ഉടമ 2024 വരെ ഇവിടെ വിവിധ വ്യാപാരങ്ങൾ നടത്തിയിരുന്നത്. മുൻപ് പ്ലംബിങ് സാധനങ്ങളുടെ കടയും ഇവിടെ പ്രവർത്തിച്ചിരുന്നു. കെട്ടിടത്തിന്റെ ജീർണിച്ച ഭാഗങ്ങൾ പൊളിച്ചുനീക്കുന്നതിനായി റെയിൽവേ പലതവണ ശ്രമിച്ചെങ്കിലും കെട്ടിടനടത്തിപ്പുകാർ കോടതിയെ സമീപിച്ച് സ്റ്റേവാങ്ങിയതോടെ നടപടി നീളുകയായിരുന്നു. കെട്ടിടം പൊളിക്കേണ്ട ഭാഗം റെയിൽവേ ഇതിനകം അടയാളപ്പെടുത്തിയിട്ടുണ്ട്.

സ്റ്റേ ഓർഡർ ഒക്ടോബർ ഏഴിന് അവസാനിക്കും. അതുവരെ കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗം വീണ്ടും അടർന്നുവീഴുമോയെന്ന ആശങ്കയിലാണ് യാത്രക്കാരും ജീവനക്കാരും. സ്റ്റേ കാലാവധി കഴിഞ്ഞാൽ റെയിൽവേയുടെ ഭാഗത്തുള്ള കെട്ടിടം പൊളിച്ചുനീക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. ഒരു മാസംമുൻപ് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂം പൊളിഞ്ഞുവീണ സംഭവവും ആശങ്ക വർധിപ്പിക്കുന്നു. പൊളിച്ചുനീക്കാനുള്ള നടപടി നീണ്ടുപോയതിന് പിന്നാലെയായിരുന്നു അന്ന് കെട്ടിടം തകർന്നുവീണത്. സമാനമായ സാഹചര്യം നാലാം പ്ലാറ്റ്ഫോമിലെ പഴയ കെട്ടിടത്തിലും ആവർത്തിക്കുമോയെന്ന ആശങ്കയാണ് ജീവനക്കാർ പങ്കുവെക്കുന്നത്.

Related Articles

Back to top button