Thiruvananthapuram

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് അറിയിച്ച് കെഎസ്ഇബി

Please complete the required fields.




തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യവും നിലനില്‍ക്കുന്നതിനാല്‍ ഇന്ന് വൈകുന്നേരം 06:15 മുതല്‍ അർദ്ധരാത്രി 12:45 വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.

എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്ന നിലയില്‍ത്തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ പീക്ക് ഡിമാന്‍ഡ് 5496 മെഗാവാട്ട് ആണ്. സാധാരണ വേനല്‍ കാലങ്ങളില്‍ രേഖപ്പെടുത്തിയ ഡിമാന്‍ഡിന് തുല്യമാണിത്. മുന്‍കാലങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ ഡിമാന്‍ഡില്‍ നിന്നും ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്.

സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ഉപയോഗം കാരണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതല്‍ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതില്‍ വര്‍ധിച്ചതിനാല്‍ പവര്‍ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ കാര്യമായ കുറവ് അനുഭവപ്പെടുകയാണെന്നും കൂടാതെ ദേശീയ തലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവ് അനുഭവപ്പെടുകയാണ്. ദേശീയതലത്തില്‍ കാറ്റാടി നിലയങ്ങളില്‍നിന്നുള്ള ഉത്പാദനം വളരെ കുറയുകയും വൈദ്യുതി ആവശ്യകത കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വൈദ്യുതി ലഭ്യത കുറയാന്‍ സാധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും മധ്യപ്രദേശില്‍ നിന്നും സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭിക്കാത്തതിനാല്‍ ഇന്ന് 200 മെഗാവാട്ടിന്റെ അധിക കുറവുകൂടി അനുഭവപ്പെടുന്നുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button