Ernakulam

വിവാഹ സന്തോഷം ദുഃഖമായി…! മകളെ വിമാനത്താവളത്തിൽ നിന്ന് കൂട്ടാൻ പോകും വഴി അപകടം, കാറിടിച്ച് പിതാവിന് ദാരുണാന്ത്യം

Please complete the required fields.




കൂത്താട്ടുകുളം: വിദേശത്തുനിന്ന് നാട്ടിലെത്തുന്ന മകളെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ പോയ പിതാവ് റോഡപകടത്തിൽ മരിച്ചു. മരങ്ങാട്ടുപള്ളി കുര്യനാട് മുളയോലിക്കൽ സ്വദേശി സണ്ണി ജോൺ (64) ആണ് മരിച്ചത്.

റിയാദിൽ നഴ്‌സായി ജോലി ചെയ്യുന്ന മൂത്ത മകൾ ആന്റിയാ സണ്ണിയുടെ വിവാഹ ആവശ്യത്തിനായി നാട്ടിലേക്ക് വരുന്നതറിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കുടുംബത്തോടൊപ്പം പുറപ്പെട്ടതായിരുന്നു അദ്ദേഹം. യാത്രാമധ്യേ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കുന്നതിനായി പാലാ ദേവമാതാ ആശുപത്രിക്ക് സമീപം വാഹനം ഒതുക്കി പുറത്തിറങ്ങിയപ്പോഴാണ് ഈ വലിയ ദുരന്തമുണ്ടായത്.

ആശുപത്രിയിലേക്ക് റോഡരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാർ സണ്ണി ജോണിനെ ഇടിച്ചു തെറിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആശുപത്രി മതിൽ കടന്ന് താഴെയുള്ള ആശുപത്രി മുറ്റത്തേക്ക് ഇയാൾ തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യയുടെയും ബന്ധുക്കളുടെയും കൺമുന്നിൽ വെച്ചാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. അപകടത്തിൽ നിയന്ത്രണംവിട്ട കാറിലുണ്ടായിരുന്ന പൈക വിളക്കുമാടം പുത്തൻപുരയിൽ പ്രിൻസ് (31), മറ്റൊരു കാറിന്റെ ഡ്രൈവർ തിടനാട് അരിമറ്റത്തിൽ ജോർജുകുട്ടി സെബാസ്റ്റ്യൻ (45) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.

കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയും മുൻ മണ്ഡലം പ്രസിഡന്റുമായിരുന്ന സണ്ണി ജോണിന്റെ വേർപാട് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്. ബിൽസിയാണ് ഭാര്യ. ആന്റിയാ സണ്ണി, അൽജോ സണ്ണി, അനിത സണ്ണി (മംഗളൂരു നഴ്‌സിങ് കോളേജ്) എന്നിവരാണ് മക്കൾ. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

Related Articles

Back to top button