
ടോക്യോ: ജപ്പാനിലെ കുമാമോട്ടോ മേഖലയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. സംഭവത്തിന് പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പും അടിയന്തര ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു.
ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ മുന്നറിയിപ്പ്. തെക്കൻ ദ്വീപായ ക്യൂഷുവിലെ കുമാമോട്ടോ, നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയിറ്റ, മിയാസാക്കി എന്നീ പ്രവിശ്യകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിതാമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭൂചലനത്തെ തുടർന്ന് ഇതുവരെ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ലോകത്ത് ഏറ്റവും കൂടുതൽ ഭൂചലന സാധ്യതയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ നിലവിലുള്ള അത്യാധുനിക മുന്നറിയിപ്പ് സംവിധാനങ്ങളുടെ സഹായത്തോടെ അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.





