Kannur

തളിപ്പറമ്പിലെ ക്ഷേത്രങ്ങളിലെ മോഷ്ടാവ് തൃച്ചംബരത്ത് വീണ്ടും മോഷണശ്രമത്തിനിടെ പിടിയിൽ; ജീവനക്കാരുടെ പിടിയിലായത് മോഷണക്കേസിൽ സസ്പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ

Please complete the required fields.




കണ്ണൂർ: തളിപ്പറമ്പിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന വിരുതൻ വീണ്ടും ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിക്കവെ പിടിയിലായി. മലബാറിലെ പ്രശസ്തമായ തൃച്ചംബരം ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ വിരുതനെയാണ് ക്ഷേത്രം ജീവനക്കാർ കൈയോടെ പിടികൂടിയത്.

കഴിഞ്ഞ ദിവസം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഭക്തരുടെ പണവും മൊബൈൽ ഫോണുകളും കാണിക്കപ്പണവും കവർന്ന അതേ മോഷ്ടാവാണ് ഇന്ന് തൃച്ചംബരം ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിക്കവെ പിടിയിലായത്. മുൻ പോലീസ് ഉദ്യോഗസ്ഥനായ പയ്യന്നൂർ അന്നൂർ പുതിയങ്കാവിലെ വെള്ളോറ മഠത്തിൽ വി.എം.വിപിൻ കുമാർ (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച മോഷണം നടത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

പിന്നാലെ ടിടികെ ദേവസ്വം നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തവേയാണ് മോഷ്ടാവ് യാതൊരു ഭയവുമില്ലാതെ വീണ്ടും മോഷണ ശ്രമം നടത്തിയത്.ജീവനക്കാർ പിടികൂടിയ മോഷ്ടാവിനെ തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

എസ്.ഐ മനോജ്, എ.എസ്.ഐ ഇബ്രാഹിം സീരകത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.കഴിഞ്ഞ ദിവസം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ തൊഴാനെത്തിയ ജോത്സ്യന്റെ മൊബൈൽ ഫോൺ പ്രതി മോഷ്ടിച്ചിരുന്നു. ചിറ്റാരിക്കൽ സ്വദേശി തവളക്കുണ്ടിലെ ആലയിൽ പടിഞ്ഞാറേവീട്ടിൽ സജിൻ മോഹൻ (36) ന്റെ 27,000 രൂപ വിലവരുന്ന ഫോണാണ് മോഷണം പോയത്. ഇന്നലെ രാവിലെ പത്തരക്കും 11നും ഇടയിലാണ് മോഷണം നടന്നത്.

ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ച മൊബൈലാണ് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്രങ്ങളിൽ അകത്തുകയറാൻ വേണ്ടി ഷർട്ട് അഴിച്ചുവെക്കുന്നവരുടെ പോക്കറ്റിലുള്ള സാധനങ്ങളാണ് ഇയാൾ മോഷ്ടിച്ചിരുന്നത്. തൃച്ചംബരം ക്ഷേത്രം, കാഞ്ഞിരങ്ങാട്, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ ഇയാൾ ഭക്തരുടെ സാധനങ്ങൾ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.

Related Articles

Back to top button