ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പരാതിപ്പെട്ടതിന് വീട്ടിലെത്തി ഭീഷണി; 49 കാരൻ അറസ്റ്റിൽ

കൊല്ലം: ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും, തുടർന്ന് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പൂയപ്പള്ളി നാൽക്കവല ചരുവിള പുത്തൻവീട്ടിൽ ശ്രീകുമാറിനെ (49) ആണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രതി കയറിപ്പിടിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പൂയപ്പള്ളി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, പിന്നീട് പെൺകുട്ടിയുടെ വീട്ടുകാരുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട്, പ്രതിയെ താക്കീത് നൽകി പോലീസ് വിട്ടയക്കുകയായിരുന്നു.
വിട്ടയച്ചതിന് പിന്നാലെ, പ്രതി വീണ്ടും വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ വീട്ടുകാർ വീണ്ടും പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ശ്രീകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





