Kozhikode

കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് ; മുഖ്യസൂത്രധാരനായ പേരാമ്പ്ര സ്വദേശി പിടിയിൽ

Please complete the required fields.




വടകര : കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. സൊസൈറ്റിയുടെ മുൻ ഡയറക്ടറും കേസിലെ ഒന്നാം പ്രതിയുമായ പേരാമ്പ്ര സ്വദേശി റെനീഷിനെ കോട്ടയം പാലായിൽ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. റെനീഷിനെ കണ്ടെത്താൻ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് അടക്കം വ്യാപിപ്പിച്ചിരുന്നെങ്കിലും ഇയാൾ കേരളത്തിൽ തന്നെ ഒളിവിൽ കഴിയുകയായിരുന്നു.സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടർ കോഴിക്കോട്ട് നടത്തിയ വിശദമായ അന്വേഷണത്തിൽ സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് 2025 ഡിസംബർ എട്ടിന് വടകര പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പിൻ്റെ ചുരുളഴിയുന്നത്. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.കേസിൽ സൊസൈറ്റി മുൻ പ്രസിഡൻ്റും ഡിസിസി സെക്രട്ടറിയുമായ സുധീർ കുമാറിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സൊസൈറ്റി സെക്രട്ടറി പ്രീനയാണ് കേസിലെ രണ്ടാം പ്രതി.

മേയ് 29-ന് നിക്ഷേപകനായ ഇബ്രാഹിം ഹാജി, സുധീർ കുമാറിന്റെ വീടിന് മുന്നിലെത്തി തീക്കൊളുത്തി മരിച്ച സംഭവം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് കാരണമായിരുന്നു. റെനീഷിൻ്റെ അറസ്റ്റോടെ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്.

Related Articles

Back to top button