വയനാട്ടിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണ ശ്രമം; കോഴിക്കോട് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് നാദാപുരത്ത് പിടിയിൽ

കോഴിക്കോട് : വയനാട്ടിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണ ശ്രമം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കോഴിക്കോട് കായക്കൊടി സ്വദേശി \ മാങ്ങിലേരിപാറമ്മേൽ എം.പി. അജ്മൽ(40)നെയാണ് നാദാപുരത്ത് നിന്നും വയനാട് ജില്ലാ പോലീസിന്റെ സ്‌പെഷ്യൽ ടീമും മാനന്തവാടി പോലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്.
ഒരാഴ്ചത്തെ ശാസ്ത്രീയവും കൃത്യവുമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ തലശ്ശേരി,മാനന്തവാടി, തൊട്ടിൽപ്പാലം, കൊളവല്ലൂർ പാനൂർ, തൊണ്ടർനാട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
27.06.2026 തീയതി പുലർച്ചെയാണ് വീടിന്റെ പിൻഭാഗത്തുള്ള വർക്ക്ഏരിയയുടെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ച് വീടിന്റെ അകത്തു അതിക്രമിച്ചു കയറി മോഷണം നടത്താൻ ശ്രമിച്ചത്.പരാതി ലഭിച്ചതിനെ തുടർന്ന് മാനന്തവാടി ഡി വൈ.എസ്.പിയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കുകയും കൃത്യമായ അന്വേഷണം നടത്തുകയുമായിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തുമായി 500 ൽ അധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
പേരാമ്പ്ര, കടിയങ്ങാട് ഭാഗത്ത് നിന്നും മോഷ്ടിച്ച KL 77 4733 നമ്പർ ആക്ടീവ സ്കൂട്ടറിൽ മുഖം മറച്ച് എത്തിയാണ് ഇയാൾ മോഷണം നടത്തിയത്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.





