India

ലൈംഗികാതിക്രമ കേസുകളിൽ ഉടനടി നടപടി വേണം; കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ പോലീസിന് മുഖ്യമന്ത്രി വിജയിന്റെ കർശന നിർദ്ദേശം

Please complete the required fields.




ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന ലൈംഗികാതിക്രമ കേസുകളിൽ യാതൊരുവിധ കാലതാമസവുമില്ലാതെ ഉടനടി കർശന നടപടി സ്വീകരിക്കണമെന്ന് പോലീസിന് മുഖ്യമന്ത്രി ജോസഫ് വിജയ് നിർദ്ദേശം നൽകി.
ഇത്തരം പരാതികൾ ലഭിച്ചാലുടൻ കേസ് രജിസ്റ്റർ ചെയ്യണമെന്നും, ശാസ്ത്രീയമായ അന്വേഷണം വേഗത്തിലാക്കി കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തുന്നതിനായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച നടത്തിയ അടിയന്തര അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.ഇരകൾക്ക് നീതി വൈകാതിരിക്കാൻ ലൈംഗികാതിക്രമ കേസുകളുടെ കോടതി വിചാരണ നടപടികൾ വേഗത്തിലാക്കാനുള്ള അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് അദ്ദേഹം അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെടുകയും ചെയ്തു.

കോയമ്പത്തൂരിൽ പത്തുവയസ്സുകാരി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട ക്രൂരമായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചുചേർത്തത്.ഇത്തരം ദാരുണമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും, പൊതുജനങ്ങൾക്കിടയിൽ കൃത്യമായ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കുറ്റവാളികൾക്ക് നിയമത്തിന് മുന്നിൽ അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നത് സമൂഹത്തിലെ മറ്റുള്ളവർക്ക് വലിയൊരു മുന്നറിയിപ്പായി മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സെക്രട്ടേറിയറ്റിൽ നടന്ന ഈ യോഗത്തിൽ ചീഫ് സെക്രട്ടറി എം. സായ്കുമാർ, ആഭ്യന്തര സെക്രട്ടറി കെ. മണിവസൻ, അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ, ഡിജിപി സന്ദീപ് റോയ് റാത്തോഡ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

Related Articles

Back to top button