
മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ, തൃപ്രയാർ ക്ഷേത്ര ദർശനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. മുഖ്യമന്ത്രി വി ഡി സതീശൻ ക്ഷേത്രത്തിലെത്തിയപ്പോൾ പ്രവർത്തകർ കോൺഗ്രസ് കൊടികളുമായി മുദ്രാവാക്യം വിളിച്ചുവെന്നും ഇത് ആചാരലംഘനമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകുക. അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
സതീശനും അനുയായികളും ക്ഷേത്രദർശനം നടത്തിയത് നിയമം ലംഘിച്ചുള്ള വിഐപി ദർശനത്തിലാണെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. തൃപ്രയാർ ക്ഷേത്രത്തിലെ മുഖ്യമന്ത്രിയുടെ ദർശനത്തിലും ആചാരം ലംഘിച്ചു.ക്ഷേത്രത്തിൽ രാഷ്ട്രീയപാർട്ടിയുടെ മുദ്രാവാക്യം വിളിക്കാൻ പാടില്ല എന്നത് അറിയാത്തവരല്ല കോൺഗ്രസ്. ചുറ്റമ്പലത്തിനകത്ത് പ്രവർത്തകർ ഷർട്ട് ധരിച്ച് കയറി. തൃപ്രയാറിൽ നടന്നത് ഗുരുതര ആചാരലംഘനമെന്നും ഗോപാലകൃഷ്ണൻ പറയുന്നു.
റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിൽ എത്തിയത് . കർശനമായ സുരക്ഷയായിരുന്നു ക്ഷേത്ര പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്. മന്ത്രിമാരും എം പി മാരും അടക്കം വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. രാത്രി 11 മണി മുതൽ ദർശനത്തിനായി കാത്തുനിന്ന ഭക്തർ മുഖ്യമന്ത്രിയുടെ ദർശനത്തെ തുടർന്ന് ദർശനം ലഭിക്കാതെ മടങ്ങിയിരുന്നു.





