105 ജീവനുകള്‍, ഓര്‍മയിലെ നടുക്കവും വിലാപങ്ങളും കണ്ണീരും…; പെരുമണ്‍ തീവണ്ടി ദുരന്തമുണ്ടായിട്ട് ഇന്ന് 38 വര്‍ഷം

പെരുമണ്‍ ദുരന്തമുണ്ടായിട്ട് ഇന്ന് മുപ്പത്തിയെട്ട് ആണ്ട്. കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി ദുരന്തത്തില്‍ 105 പേര്‍ക്കാണ് ജീവന് നഷ്ടമായത്. മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പെരുമണ്‍ നിവാസികളില്‍ നിന്ന് വിട്ടുമാറിയിട്ടില്ല.
1988 ജൂലൈ എട്ടിനാണ് അത് സംഭവിച്ചത്. പെരുമണ്‍ ഗ്രാമത്തെ ദുരന്തഭൂമിയാക്കി മാറ്റിയ ദിവസം. ഉച്ചയ്ക്ക്, അഷ്ടമുടികായലിനു കുറുകെയുള്ള പെരുമണ്‍ റെയില്‍പാലത്തില്‍ വെച്ച് ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഐലന്‍ഡ് എക്സ്പ്രസ് പാളം തെറ്റി. ഒന്‍പതു കോച്ചുകള്‍ കായലില്‍ പതിച്ചു. യാത്രക്കാരുടെ സ്വപ്നങ്ങള്‍ നിമിഷനേരം കൊണ്ട് തലകീഴ്മേല്‍ മറിഞ്ഞു.പതിനാലു കോച്ചുകള്‍ ഉണ്ടായിരുന്ന തീവണ്ടി പാളം തെറ്റുമ്പോള്‍, എഞ്ചിനും പാര്‍സല്‍ വാനും ഒരു സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ടുമെന്റും മാത്രമേ പാലം കടന്നിട്ടുണ്ടായിരുന്നുള്ളൂ.
ഒന്‍പതു കോച്ചുകള്‍ ഒന്നിന് പിറകെ ഒന്നായി കായലിലേക്ക് കൂപ്പുകുത്തി,. ഒരു ഫസ്റ്റ് ക്ളാസ് കമ്പാര്‍ട്ട്മെന്റ് പാലത്തില്‍ നിന്ന് വെള്ളത്തിലേക്ക് മൂക്ക് കുത്തി വീണ രീതിയില്‍ തൂങ്ങിക്കിടന്നു. ശബ്ദം കേട്ട്ഓടിക്കൂടിയ പ്രദേശവാസികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വള്ളങ്ങള്‍ ഉപയോഗിച്ച് കോച്ചുകള്‍ക്കടുത്തേക്ക് എത്തി. എങ്കിലും, നേര്‍ത്തൊരു ചാറ്റല്‍ മഴയുണ്ടായിരുന്നതും, രണ്ടു കോച്ചുകള്‍ തലകുത്തനെ മറിഞ്ഞതും, സാഹചര്യങ്ങള്‍ പ്രതികൂലമാക്കി.
105 പേരുടെ ജീവനെടുത്ത പെരുമണ്‍ ദുരന്തം ഇന്നും കേരളത്തിന് നടുക്കുന്ന ഓര്‍മ്മയാണ്. അപകട കാരണം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. ദുരന്തത്തിന് കാരണം ടൊര്‍ണാഡോ ചുഴലിക്കാറ്റെന്നായിരുന്നു കണ്ടെത്തല്‍. ചെറുകാറ്റ് പോലും അടിക്കാത്ത പ്രദേശത്ത് ചുഴലിക്കാറ്റെന്ന കമ്മീഷന് റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. വീണ്ടും പുതിയ കമ്മീഷനെ നിയോഗിച്ചെങ്കിലും, സംഘം ആദ്യ റിപ്പോര്‍ട്ട് ആവര്‍ത്തിച്ചു. അപകടത്തിന് കാരണം ഇന്നും വെളിപ്പെടാത്ത സത്യമായി തുടരുന്നു.





