
കൂത്താട്ടുകുളം: സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ്വ രോഗത്തെ തോൽപ്പിക്കാൻ ഒരു നാട് ഒന്നടങ്കം കൈകോർത്തപ്പോൾ കുഞ്ഞുധ്രുവാന് ലഭിച്ചത് പുതുജീവൻ. ചികിത്സയ്ക്കായി ആവശ്യമായിരുന്ന 16 കോടി രൂപയും സമാഹരിക്കാനായ വിവരം കുടുംബം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
‘സേവ് ബേബി ധ്രുവാൻ’ എന്ന പേരിൽ നടത്തിയ ക്യാമ്പയിനിലൂടെയാണ് അസാധ്യമെന്ന് കരുതിയ ഈ തുക ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്താനായത്. “നിങ്ങൾ നൽകിയത് വെറും പണമല്ല, ഞങ്ങളുടെ മകന് ഒരു ജീവിതം കൂടിയാണ്.ഉറക്കമില്ലാത്ത രാത്രികളിൽ ഞങ്ങൾക്കായി പ്രാർഥിച്ച ഓരോരുത്തരോടും നന്ദി പറയാൻ വാക്കുകളില്ല,” കുടുംബം ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി. കേരളത്തിന്റെ ഒത്തൊരുമയുടെയും മനുഷ്യത്വത്തിന്റെയും വലിയൊരു വിജയഗാഥയാണിത്.ഒറ്റമാസം പ്രായമുള്ളപ്പോഴാണ് ധ്രുവാന് ഈ രോഗാവസ്ഥ തിരിച്ചറിഞ്ഞത്. കാലുകൾക്ക് ചലനശേഷി കുറഞ്ഞതോടെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് സ്പൈനൽ മസ്കുലർ അട്രോഫി സ്ഥിരീകരിച്ചത്.
ജനിതകവൈകല്യം മൂലം പേശികൾക്കും ഞരമ്പുകൾക്കും ബലക്ഷയം സംഭവിക്കുന്ന ഈ രോഗത്തിന് ജീൻ തെറാപ്പി മാത്രമാണ് ഏക പോംവഴി. പതിനായിരം കുഞ്ഞുങ്ങളിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന ഈ രോഗാവസ്ഥയിൽ നിന്നും ധ്രുവാൻ ഇനി ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരും എന്ന പ്രതീക്ഷയിലാണ് കുടുംബവും നാടും.





