
കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് ഊരള്ളൂരിൽ ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണം നടന്നു. കുന്നത്ത് മീത്തൽ റസാക്ക് – ഹസിന ദമ്പതികളുടെ ‘ഫെബിൻ വില്ല’യിലാണ് കള്ളൻമാർ കയറിയത്. ഇന്നലെ പുലർച്ചെ 12.45-ഓടെയാണ് സംഭവം.
വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് മോഷ്ടാക്കൾ വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് ഇവർ അകത്തു കടന്നത്. സംഘത്തിൽ രണ്ടുപേരുണ്ടായിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
വീട്ടിലെ സി.സി.ടി.വി ക്യാമറയും മോഡവും മോഷ്ടാക്കൾ നശിപ്പിക്കുകയും കൊണ്ടുപോവുകയും ചെയ്തു. അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. സംഭവത്തിൽ ഉടമകൾ പോലീസിൽ പരാതി നൽകി.




