സിപിഐഎം ഓഫീസിന് നേരെ കോണ്‍ഗ്രസ് ആക്രമണം; പരിക്കേറ്റ ഡി വൈ എഫ് ഐ മേഖല കമ്മറ്റി അംഗത്തിനെ ആശുപത്രിയില്‍ പ്രവേശിച്ചു

കാസര്‍കോഡ് : അച്ചാംതുരുത്തിയിലെ സിപിഐഎം ഓഫീസിന് നേരെ കോണ്‍ഗ്രസ് ആക്രമണം. ഓഫീസിലേക്ക് പടക്കമെറിയുകയും സ്ത്രീകളെ ഉള്‍പ്പെടെ ആക്രമിക്കുകയും ചെയ്തു. വള്ളംകളി മത്സരത്തിന്റെ വിജയാഹ്ലാദത്തിന്റെ മറവിലാണ് കോണ്‍ഗ്രസ് ആക്രമണമഴിച്ചു വിട്ടത്.
ചെറുവത്തൂര്‍ അച്ചാംതുരുത്തിയില്‍ സിപിഐഎം ബ്രാഞ്ച് ഓഫീസും, അഴീക്കോടന്‍ ക്ലബും പ്രവര്‍ത്തിക്കുന്ന അഴീക്കോടന്‍ മന്ദിരത്തിന് നേരെ ഞായറാഴ്ച രാത്രിയായിരുന്നു കോണ്‍ഗ്രസ് ആക്രമണം. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് വള്ളുവന്‍കടവില്‍ നടന്ന വള്ളം കളിയുടെ വിജയാഹ്ലാദത്തിന്റെ മറവിലാണ് അഴീക്കോടന്‍ മന്ദിരത്തിന് നേരെ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.സിപിഐഎം പ്രവര്‍ത്തകരെത്തിയതോടെ കോണ്‍ഗ്രസ് അക്രമി സംഘം പിന്‍വാങ്ങി. ഇതിനു ശേഷം വള്ളംകളി കാണാന്‍ പോയി മടങ്ങി വന്ന അഴീക്കോടന്‍ ക്ലബ്ബിന്റെ വനിതാ പ്രവര്‍ത്തകരെയടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റ ഡി വൈ എഫ് ഐ മേഖല കമ്മറ്റി അംഗം ബബിത ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വള്ളംകളിയുടെ മറവില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ ആക്രമണത്തില്‍ സിപിഐഎം പ്രതിഷേധിച്ചു. സംഭവത്തില്‍ ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.





