എംഡിഎംഎ വാങ്ങാൻ ബസുകളിൽ കാരുണ്യയാത്ര; ആരോപണത്തിന് പിന്നാലെ സ്വകാര്യ ബസുകളിൽ ഇന്ന് മുതല്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന

തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്ന് കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇന്നുമുതല്‍ സ്വകാര്യ ബസ്സുകളില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉത്തരവിട്ടു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജുവിന് ചുമതല നല്‍കി. ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും.
കാരുണ്യ യാത്രയുടെ പേരില്‍ പണം പിരിച്ച് ഡ്രൈവര്‍ എംഡിഎംഎ വാങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന ശബ്ദ സന്ദേശമാണ് ഇന്നലെ പുറത്തുവന്നത്. ആലുവയിലെ ചങ്ക്‌സ് ഡ്രൈവേഴ്‌സ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആയിരുന്നു സന്ദേശം ഇട്ടത്. ഇന്നുമുതല്‍ പ്രത്യേക പരിശോധനയ്ക്കായി സ്‌കോഡ് രൂപീകരിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ ചുമതല.
വാട്‌സ്ആപ്പ് സന്ദേശം കൃത്യമായി പരിശോധിക്കും. സ്വകാര്യ ബസ് ജീവനക്കാര്‍ ലഹരി ഉപയോഗിച്ചോ, ഉണ്ടെങ്കില്‍ എവിടെ നിന്ന് എങ്ങനെ തുടങ്ങി എല്ലാ കാര്യങ്ങളും അന്വേഷണപരിധിയില്‍ വരും. എക്‌സൈസിനെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും പരിശോധന. ലഹരി ഉപയോഗം കണ്ടെത്തിയാല്‍ ഇതുവരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു എന്നുണ്ടെങ്കില്‍ ഇനിമുതല്‍ റദ്ദാക്കും. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ആയിരിക്കും കര്‍ശന നടപടിയിലേക്ക് കടക്കുക. കണ്ടക്ടര്‍മാരില്‍ പലര്‍ക്കും ലൈസന്‍സ് ഇല്ലെന്നും ജീവനക്കാര്‍ കഞ്ചാവ് ഉപയോഗിച്ചാണ് ബസ്സില്‍ കയറുന്നത് എന്നതടക്കമുള്ള കാര്യങ്ങളാണ് ജീവനക്കാരുടെ വാട്‌സാപ്പില്‍ നിന്നുതന്നെ ചോര്‍ന്നത്.





