സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ; ജൂലൈ 31 വരെ യന്ത്രബോട്ടുകൾക്ക് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നു. 52 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നിരോധനം ജൂലൈ 31 വരെ തുടരും. കേരളതീരത്ത് കരയിൽ നിന്നും കടലിലേക്ക് 12 നോട്ടിക്കൽ മൈൽ ദൂരത്തിൽ യന്ത്രവൽകൃത ബോട്ടുകൾക്കാണ് മത്സ്യബന്ധന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കൽ ഹാർബറുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂർണ്ണമായി നിരോധിച്ചു.ഇൻബോർഡ് എഞ്ചിൻ ബോട്ടുകൾ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകൾക്കും നീണ്ടകര ഫിഷിംഗ് ഹാർബർ വഴി പ്രവർത്തനാനുമതി ഉണ്ടായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അഷ്ടമുടിക്കായലിന്റെ കിഴക്കൻതീരങ്ങളിലും കായൽമുഖങ്ങളിലുമുള്ള സ്വകാര്യജെട്ടികളിലും വോർഫുകളിലും യന്ത്രബോട്ടുകൾക്ക് ലാൻഡിംഗ് സൗകര്യം നൽകരുതെന്നും കർശന നിർദേശമുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകളോട് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കൊല്ലം തീരം വിട്ടുപോകാൻ നിർദ്ദേശം നൽകിയിരുന്നു.
കാലവർഷം എത്തിയതോടെയുണ്ടായ മോശം കാലാവസ്ഥയും കടൽക്ഷോഭ മുന്നറിയിപ്പുകളും കാരണം കഴിഞ്ഞ ദിവസങ്ങളിലും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ട്രോളിങ് നിരോധനം കൂടി എത്തുന്നതോടെ വരുംദിവസങ്ങൾ വറുതിയിലാകുമോ എന്ന ആശങ്കയിലാണ് തീരദേശം.
നിയന്ത്രണങ്ങൾ ലംഘിച്ചാൽ കടുത്ത നടപടി
നിരോധനം ലംഘിച്ച് ട്രോളറുകൾ കടലിൽ പോകുന്നത് തടയാൻ കർശനമായ മുൻകരുതലുകളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കൽ മേഖലകളിലെ എല്ലാ മറൈൻ ഇന്ധന പമ്പുകളും അർദ്ധരാത്രി മുതൽ ജൂലൈ 28 വരെ അടച്ചിടും.വലിയ ബോട്ടുകളെല്ലാം ഒതുക്കി ഹാർബറുകൾ പൂർണ്ണമായി പൂട്ടും. നിർദ്ദേശങ്ങൾ ലംഘിച്ച് കടലിൽ പോകുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.





