
ഒറ്റപ്പാലം: ബലിയിടാനിറങ്ങിയ സ്ത്രീ കുളത്തിൽ വീണപ്പോൾ രക്ഷകനായത് പതിനാലുകാരൻ . ‘അമ്മൂമ്മ വെള്ളത്തില്‍മുങ്ങുന്നത് കണ്ടപ്പോള്‍ ഒന്നുംനോക്കിയില്ല, എടുത്ത് ചാടി’ -ഒന്‍പതാം ക്ലാസുകാരന്‍ ഒറ്റപ്പാലം പാലപ്പുറം കിഴക്കേപ്പാട്ട് വാരിയത്ത് പ്രജ്വലിന്റെ (14) ഈ ധൈര്യം രക്ഷിച്ചത് ഒരു 66-കാരിയുടെ ജീവനാണ്.
ബലിയിടാനിറങ്ങി ആഴമേറിയ ക്ഷേത്രക്കുളത്തില്‍ മുങ്ങിപ്പോവുകയായിരുന്ന പാലപ്പുറം അങ്ങാടിയില്‍ വീട്ടില്‍ ശാന്തകുമാരിയാണ് (66) പ്രജ്വലിന്റെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. മകരമാസത്തിലെ വാവായിരുന്നതിനാല്‍ ബലിയിടാനാണ് ശാന്തകുമാരി പാലപ്പുറം വിഷ്ണുക്ഷേത്രക്കുളത്തില്‍ എത്തിയത്. ബലിയിട്ടശേഷം വെള്ളത്തിലിറങ്ങി ഇല പുറകിലേക്കിടുന്നതിനിടെ കാല്‍വഴുതി ചെളിയിലകപ്പെടുകയായിരുന്നു. വാഴയില വെട്ടാന്‍ കുളത്തിന് സമീപം വന്നതായിരുന്നു പ്രജ്വല്‍.
ശാന്തകുമാരിയുടെ അലര്‍ച്ചകേട്ട് നോക്കുമ്പോള്‍ കൈകളിട്ടടിച്ച് മുങ്ങുന്നതാണ് കണ്ടത്. ഒട്ടുംപതറാതെ ഓടിവന്ന് കുളത്തിലേക്കെടുത്തുചാടി. ശാന്തകുമാരിയുടെ കൈപിടിച്ച് വലിച്ചുകയറ്റി. ‘ആ സമയത്ത് പ്രജ്വല്‍ അവിടെയെത്തിയില്ലായിരുന്നെങ്കില്‍ എന്റെ കഥ തീര്‍ന്നേനെ’ -ശാന്തകുമാരി പറഞ്ഞു.