
കൊടുവള്ളി : നഗരസഭയിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ഇടതുസംഘടനകൾ ബുധനാഴ്ച നടത്തുന്ന കൊടുവള്ളി നഗരസഭാ ഓഫീസ് മാർച്ച് രാഷ്ട്രീയകാപട്യമാണെന്ന് നഗരസഭാ മുസ്ലിംലീഗ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഭരണത്തിന്റെ സൗകര്യത്തിൽ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നഗരസഭയിൽ നിയമവിരുദ്ധമായി വാർഡ് വിഭജനം നടത്തുകയും കരട് വോട്ടർപട്ടികയിൽ വ്യാപകമായി കള്ളവോട്ടുകൾ ചേർക്കുകയും ചെയ്തത് സംബന്ധിച്ച് വ്യാപകമായ പരാതികളുണ്ട്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും യുഡിഎഫ് അടക്കമുള്ള കക്ഷികൾ നൽകിയ ഒട്ടേറെ കേസുകൾ ഇതുസംബന്ധിച്ച് നടക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവുംകൂടുതൽ പരാതികൾ തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചതും കൊടുവള്ളി നഗരസഭയിൽനിന്നാണ്. യുഡിഎഫ് നൽകിയ പരാതികൾ കഴമ്പുള്ളതാണെന്നും അവ പരിഹരിക്കുന്നതിന് നടപടിയെടുക്കണമെന്നും ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്മാർ ആവശ്യപ്പെട്ടിട്ടും ഭരണസൗകര്യത്തിൽ സെക്രട്ടറിയെ സ്വാധീനിച്ച് നടപടിക്രമങ്ങൾ അട്ടിമറിക്കുകയായിരുന്നെന്ന് നേതാക്കൾ ആരോപിച്ചു.





