Malappuram

അടുക്കളയിൽ ഫ്രിഡ്ജിന് താഴെ രഹസ്യ അറ; ടൈൽസ് ഇളക്കി പൊലീസ്; ‘ചെമ്പൻ നാണി’ 730 ഗ്രാം കഞ്ചാവുമായി വീണ്ടും പിടിയിൽ

Please complete the required fields.




മലപ്പുറം: വിൽപനയ്ക്കായി വീട്ടിലെ അടുക്കളയിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച 730 ഗ്രാം കഞ്ചാവുമായി മമ്പാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണി (65) അറസ്റ്റിലായി. നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് ഞായറാഴ്ച രാവിലെ 11 മണിയോടെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

അടുക്കളയിലെ ഫ്രിഡ്ജിന് താഴെ തറയിൽ രഹസ്യ അറയുണ്ടാക്കി അതിനു മുകളിൽ ടൈൽസ് പാകിയ നിലയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പൊലീസിന് സംശയം തോന്നി ടൈൽസ് ഇളക്കി മാറ്റിയപ്പോഴാണ് രഹസ്യ അറ കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ കാൽ ലക്ഷത്തോളം രൂപ വില വരും.

മുമ്പ് നിരവധി കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തി ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞാണ് വീണ്ടും കഞ്ചാവ് വിൽപന തുടങ്ങിയത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് വിറ്റിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Back to top button