Malappuram

കരിപ്പൂർ സ്വർണംപൊട്ടിക്കൽ കേസ്‌; കാണാതായ കാരിയറും കൂട്ടാളിയും അറസ്റ്റിൽ, സ്വർണം പങ്കിട്ടെടുത്തെന്ന് സൂചന

Please complete the required fields.




മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ കേസിൽ നിർണായക വഴിത്തിരിവ്. സ്വർണംപൊട്ടിക്കൽ സംഘങ്ങൾ തേടിയെത്തിയ കാരിയറും കൂട്ടാളിയും അറസ്റ്റിൽ.
മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ സൽമാൻ സാലിഹ്, പരപ്പനങ്ങാടി സ്വദേശി സാദിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസിൽ നേരത്തെ സ്വർണ്ണപ്പൊട്ടിക്കൽ സംഘത്തിലെ 13 പേർ പിടിയിലായ ദിവസം വിദേശത്ത് നിന്നെത്തിയ സൽമാനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന സ്വർണ്ണക്കവർച്ചാ സംഘങ്ങളെ മുഴുവൻ കബളിപ്പിച്ചാണ് സൽമാൻ സാലിഹ് മുങ്ങിയത്. സൽമാനും സുഹൃത്തായ സാദിഖും അടക്കം നാല് സുഹൃത്തുക്കൾ ചേർന്ന് ഈ കടത്തുസ്വർണ്ണം രഹസ്യമായി പങ്കിട്ടെടുത്തതായി പോലീസ് കണ്ടെത്തി.
കേസിൽ രക്ഷപ്പെട്ട മറ്റ് രണ്ട് സുഹൃത്തുക്കൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സൽമാൻ സാലിഹ് കൊണ്ടുവരുന്ന സ്വർണ്ണം തട്ടിയെടുക്കുന്നതിനായി മാത്രം ഒരേസമയം 5 സ്വർണംപൊട്ടിക്കൽ സംഘങ്ങളാണ് കരിപ്പൂർ വിമാനത്താവള പരിസരത്ത് തമ്പടിച്ചിരുന്നത്. കേസിൽ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത 13 പേർ ഈ വിവിധ സംഘങ്ങളിൽ പെട്ടവരാണെന്നാണ് വിവരം.

കാരിയറായ സൽമാന് സ്വർണ്ണം കൈമാറുന്നതിനായി കണ്ണൂർ സ്വർണ്ണപ്പൊട്ടിക്കൽ സംഘം വൻ തുകയാണ് ഓഫർ ചെയ്തിരുന്നത്. കുപ്രസിദ്ധ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ അഭിജിത്ത് ആണ് സ്വർണ്ണം തങ്ങൾക്ക് നൽകാൻ സൽമാന് 40 ലക്ഷം രൂപ വാഗ്ദാനം ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.എന്നാൽ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന കണ്ണൂർ സംഘത്തെയും മറ്റ് ക്വട്ടേഷൻ സംഘങ്ങളെയും വെട്ടിച്ച് സൽമാൻ സ്വന്തം സുഹൃത്തുക്കൾക്കൊപ്പം മുങ്ങുകയായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായും ഒളിപ്പിച്ച സ്വർണ്ണം കണ്ടെത്തുന്നതിനായും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button