Malappuram

ഒരു കയ്യിൽ ഫോൺ, മറുകയ്യിൽ സ്റ്റിയറിംഗ്; ദേശീയ പാതയിലൂടെ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച് സ്വകാര്യബസിലെ ഡ്രൈവര്‍

Please complete the required fields.




മലപ്പുറം: ദേശീയപാതയിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിക്കുന്ന ശാസ്താ ബസ് ഡ്രൈവറുടെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ കുറ്റിപ്പുറത്ത് അപകടം നടന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ മാറിയാണ് അശ്രദ്ധമായ ഡ്രൈവിങ്ങിന്റെ വീഡിയോ പകർത്തിയത്.

കോഴിക്കോട്-തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിലെ ഡ്രൈവറാണ് നിയമം ലംഘിച്ചത്. മലപ്പുറം കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ദേശീയപാതയിലാണ് സംഭവം.ദൃശ്യങ്ങളിൽ ഒരു കയ്യിൽ മൊബൈൽ ഫോൺ ചെവിയിൽ ചേർത്തുപിടിച്ചും മറുകയ്യിൽ സ്റ്റിയറിങ്ങും പിടിച്ച് ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് കാണാം.വേഗത്തിൽ പോകുന്ന ബസിൽ യാത്രക്കാരുമുണ്ടായിരുന്നു. ഡ്രൈവർമാരുടെ ഫോൺ വിളിയും അശ്രദ്ധമായ ഡ്രൈവിങ്ങും നിരന്തരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തെളിവിനായി നാട്ടുകാരാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇന്നലെ കുറ്റിപ്പുറത്ത് ഉണ്ടായ ബസ് അപകടത്തിൽ ഒരാൾ മരിച്ച പശ്ചാത്തലത്തിലാണ് ഈ വീഡിയോ കൂടുതൽ ചർച്ചയാകുന്നത്.

മൊബൈൽ ഉപയോഗിച്ച് വാഹനമോടിക്കുന്നത് മോട്ടോർ വാഹന നിയമപ്രകാരം കുറ്റമാണ്. സംഭവത്തിൽ ആർ ടി ഒ അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണെന്ന് നാട്ടുകാർ പറഞ്ഞു. അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെ എസ് ആർ ടി സി , സ്വകാര്യ ബസ് ജീവനക്കാർക്ക് ഇക്കാര്യത്തിൽ ബോധവൽക്കരണം നൽകണമെന്നും അവർ പറഞ്ഞു.

ഇന്നലെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിയുകയായിരുന്നു. ഇന്നലെ രാവിലെ 10: 30 മണിയോടു കൂടിയാണ് അപകടം. കോഴിക്കോട് സ്വദേശിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഡിവൈഡറിൽ ഇടിച്ചതിനുശേഷമാണ് ബസ് മറിഞ്ഞതെന്ന് കുറ്റിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ നടുഭാഗം പൂർണമായും തകർന്നിരുന്നു.

ബസിന്‍റെ പിൻഭാഗം പൊളിച്ചാണ് മുഴുവൻ യാത്രക്കാരെയും പുറത്തെത്തിച്ചത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ‘ഡിഫെൻഡർ’ ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം. കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്.

Related Articles

Back to top button