Kozhikode

അധ്യാപകരുടെ ലഹരിക്കടത്ത്: കേസ് അന്വേഷിക്കാൻ വടകര സിഐയുടെ നേതൃത്വത്തിലുള്ള എസ്ഐടി രൂപികരിച്ചു, ഇരുവരുടെയും നിരന്തര ബംഗളൂരു യാത്രകളിലും അന്വേഷണം

Please complete the required fields.




കോഴിക്കോട്: വടകരയിൽ രണ്ട് അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസിൽ വിശദമായ അന്വേഷണത്തിന് ഉത്തരവ്. കേസ് എസ്ഐടി അന്വേഷിക്കുമെന്ന് റൂറൽ എസ്പി മെറിൻ ജോസഫ് അറിയിച്ചു. വടകര സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.ലഹരി മാഫിയയുടെ മുഴുവൻ കണ്ണികളെയും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് എസ്പി വ്യക്തമാക്കി.

പേരാമ്പ്ര ബിആർസിയിലെ താൽക്കാലിക അധ്യാപികമാരായ കാവ്യ, കീർത്തന എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇരുവരും കഴിഞ്ഞ പത്തു വർഷമായി ബിആർസിയിൽ ജോലി ചെയ്തുവരികയായിരുന്നു.
സഫ്‌വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് അധ്യാപികമാരുടെ ലഹരി ഇടപാടുകളിലെ പങ്ക് പുറത്തുവന്നത്. സഫ്‌വാന്റെ ഫോൺ പരിശോധിച്ചപ്പോൾ കീർത്തനയുമായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തി.

ലഹരിമരുന്ന് വാങ്ങുന്നവർ പണം നേരിട്ട് അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയയ്ക്കുകയായിരുന്നു രീതി. അതിൽ നിന്ന് കമ്മീഷൻ എടുത്ത ശേഷം ബാക്കി തുക ഇവർ ലഹരി മാഫിയയ്ക്ക് കൈമാറിയതായാണ് പൊലീസ് കണ്ടെത്തൽ. ഇരുവരുടെയും നിരന്തര ബംഗളൂരു യാത്രകൾ ലഹരിക്കടത്തുമായി ബന്ധമുള്ളതാണോയെന്ന കാര്യവും എസ്ഐടി പരിശോധിക്കും.

നിലവിൽ ജയിലിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ ശൃംഖലയിലെ പ്രധാനികളെ കണ്ടെത്താനാകൂ. ഇരുവരുടെയും മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസ് പുറത്തുവന്നതിന് പിന്നാലെ കാവ്യയെയും കീർത്തനയെയും ബിആർസി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കായിക അധ്യാപികയായ കീർത്തന സ്കൂളിൽ കൃത്യമായി ഹാജരാകുന്നില്ലെന്ന പരാതി ഉണ്ടായിരുന്നെങ്കിലും, ഈ വർഷവും ബിആർസി ഇവരെ അതേ സ്കൂളിൽ തന്നെ നിയമിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ലഹരി മാഫിയയുമായി ബന്ധമുള്ള മറ്റ് ആളുകളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button