
പെരുമ്പിലാവ് : കരിക്കാട് മില്ലുംപടി സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് റോഡ് സൈഡിലെ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ യുവാവിന് പരിക്കേറ്റു. പഴഞ്ഞി ചെറുതുരുത്തി സ്വദേശി നമ്പടിയാട്ടിൽ വീട്ടിൽ 24 വയസ്സുള്ള അർജുനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്.
അക്കിക്കാവ് ഭാഗത്തുനിന്നും പഴഞ്ഞി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കരിക്കാട് സ്വദേശി കോങ്ങാണം വിട്ടിൽ കബീറിന്റെ വീടിന്റെ ചുമര് ഇടിച്ചു തകർക്കുകയും സമീപത്തെ ഉദയാനത്തിൽ വീട്ടിൽ സുബൈദയുടെ വീടിന്റെ ജനൽ ചില്ല് ഇടിച്ചു തകർത്ത ശേഷം വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ വീടിന്റെ ചുമരും സമീപത്തെ വീടിന്റെ ജനലും വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന ബൈക്കും തകർന്നു. അപകടത്തിൽ കൈയ്ക്കും കാലിനും ഉൾപ്പെടെ പരിക്കേറ്റ യുവാവിനെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് തകർന്നതിനെ തുടർന്ന് ബൈക്കുടമ കുന്നംകുളം പോലീസിൽ പരാതി നൽകി.





