Palakkad

പതിമൂന്നാം ദിവസവും കാട്ടിനകത്തെ തെരച്ചിൽ തുടരുന്നു; തമിഴ്നാട് പൊലീസിന്‍റെ സഹായം തേടും

Please complete the required fields.




പാലക്കാട്: സൈലന്‍റ് വാലി സൈരന്ധ്രി വനത്തിൽ കാണാതായ വനം വകുപ്പ്  വാച്ചർ രാജന്‍റെ തിരോധാനം അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ പ്രത്യേക സംഘം അന്വേഷിക്കും. രാജനെ കണ്ടെത്താൻ തമിഴ്നാട് പൊലീസിന്‍റെ സഹായം തേടും. വനംവകുപ്പ് തെരച്ചിലിന്‍റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. പതിമൂന്നാം ദിവസവും കാട്ടിനകത്തെ തെരച്ചിൽ തുടരുകയാണ് വനംവകുപ്പ്. 

രാജനെ കാണാതായി പന്ത്രണ്ടാം നാളാണ് തിരോധാനം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചത്. വനംവകുപ്പ് കാടുകളിൽ സജ്ജീകരിച്ച എഴുപതോളം ക്യാമറകൾ പൊലീസ് പരിശോധിച്ചു. ഇതിലൊന്നും രാജനെ കുറിച്ചുള്ള ഒരു സൂചനയും കിട്ടിയില്ലെന്ന് അഗളി ഡിവൈഎസ്പി പറഞ്ഞു. കടുവ, പുലി എന്നിവയുടെ സാന്നിധ്യവും രാജന്‍റെ തിരോധാനത്തിന് ശേഷം സ്ഥിരീകരിച്ചിട്ടില്ല. വന്യജീവി ആക്രമണം രാജന് നേരെ ഉണ്ടായിട്ടില്ല, എന്ന വനംവകുപ്പ് നിഗമനം ശരിവയ്ക്കുന്നു പൊലീസും. വാവോയിസ്റ്റുകൾ വഴികാട്ടാൻ രാജനെ കൊണ്ടുപോയതാകാം എന്നാണ് കുടുംബത്തിന്‍റെ ആരോപണം. എന്നാൽ, ഇത് നിഷേധിക്കുന്നു പൊലീസ്. രാജനുമായി അടുത്ത ബന്ധമുള്ള എല്ലാവരും നിരീക്ഷണത്തിലാണ്. മുക്കുത്തി നാഷണൽ പാർക്കിൽ തമിഴ്നാട് വനംവകുപ്പ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. അവിടുത്തെ കാട്ടിനകത്തെ ക്യാമറ ദൃശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘം ഉടൻ പരിശോധിക്കും. അടുത്ത ദിവസം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നും പൊലീസ് അറിയിച്ചു. അടുത്ത മാസം 11ന്  മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് രാജനെ കാണാതായത്.

അതേസമയം, രാജനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും പരിശോധിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. അച്ഛൻ കാടുവിട്ട് വേറെങ്ങും പോകില്ലെന്നാണ് മകളും സഹോദരിയും പറയുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണ് സൈരന്ധ്രി കാടുകൾ. 20 വർഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴിയെല്ലാം മനപ്പാഠമാണെന്നാണ് കുടംബം പറയുന്നത്. മാവോയിസ്റ്റുകൾ രാജനെ വഴികാട്ടാനും മറ്റുമായി കൂട്ടിക്കൊണ്ടുപോയതാണോ എന്നും അന്വേഷിക്കണം എന്നാണ് കുടുംബത്തിന്‍റെ ആവശ്യം. രാജനെ വന്യമൃഗങ്ങള്‍ ആക്രമിച്ചതാകില്ല എന്ന നിഗമനത്തിലാണ് വനംവകുപ്പ് എത്തിയത്. പരിശോധനയിൽ തെളിവുകൾ കിട്ടാത്തതും ക്യാമറാ ട്രാപ്പുകളും നിരത്തിയാണ് വനംവകുപ്പിന്‍റെ നിഗമനം. എന്നാൽ അച്ഛൻ കാടുവിട്ട് മറ്റൊരിടത്തേക്കും പോകില്ല എന്നാണ് മകൾ പറയുന്നത്. അടുത്ത മാസം പതിനൊന്നിന് രാജന്റെ മകളുടെ വിവാഹമാണ്. അതിന് മുന്‍പേ രാജനെ കണ്ടെത്തണം എന്നാണ് കുടുംബത്തിന്‍റെ ആവശ്യം. മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനും കുടുംബം ആലോചിക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button