Kozhikode

ശക്തമായ തിരയിൽ ഭട്ട്റോഡ് ബീച്ച് പാർക്കിന്റെ ഒരുഭാഗം തകർന്നു

Please complete the required fields.




കോഴിക്കോട് : ശക്തമായ തിരയിൽ ഭട്ട്റോഡ് ബീച്ച് പാർക്കിന്റെ ഒരുഭാഗം തകർന്നു. ഈഭാഗത്തെ തീരം പൂർണമായി ഇല്ലാതായി. പാർക്കിന്റെ കെട്ടുകളും വിളക്കുകാലുകളും ഇന്റർലോക്കും ഇരിക്കുന്ന ഭാഗവുമെല്ലാം തകർന്നുകിടക്കുകയാണ്. കെട്ടുകൾ അപകടകരമായരീതിയിൽ അടർന്നുനിൽക്കുന്നുണ്ട്.

ബുധനാഴ്ച ഒരു മണിയോടെയാണ് ശക്തമായ തിരയടിക്കാൻ തുടങ്ങിയത്. കുറച്ചുനാളായി ഇവിടെ തീരം കടലെടുക്കാൻ തുടങ്ങിയിട്ട്. നൂറുകണക്കിനാളുകൾ ഇവിടെ വന്നിരിക്കാറുണ്ട്. ഈ ഭാഗമാണ് പൂർണമായി ഇല്ലാതായത്. പാർക്കിന്റെ കെട്ടിൽനിന്ന് ബീച്ചിലേക്ക് ഇറങ്ങുന്ന പടികൾ, വിളക്കുകാലുകൾ സ്ഥാപിച്ച ഇടങ്ങൾ എന്നിവയെല്ലാം തകർന്നു. ടൈലിട്ട ഭാഗമായിരുന്നു ഇത്. ഉള്ളിലേക്കുള്ള കല്ലുകളും ഇളകിക്കിടക്കുകയാണ്. ഇന്റർലോക്കുകളും അടർന്നു.

അപകടം മുന്നിൽക്കണ്ട് തീരത്തുള്ള ഉന്തുവണ്ടികൾ അരികിലേക്കും മറ്റിടങ്ങളിലേക്കും മാറ്റിയിരുന്നു. ചിലത് തീരവും പാർക്കുംചേരുന്ന ഭാഗത്തുതന്നെ വെച്ചിരിക്കുകയാണ്. ബീച്ചിലെ ഉണങ്ങിയമരങ്ങൾ വീണു. കാറ്റാടിമരങ്ങളും മണലിളകി അപകടാവസ്ഥയിലാണ്. ഇവിടെയുണ്ടായിരുന്ന തെങ്ങ് കടലെടുത്തു. അത് കാണാനേയില്ലെന്നാണ് ഇവിടെയുള്ള ശുചീകരണത്തൊഴിലാളികൾ പറയുന്നത്.

ബീച്ചിലേക്കിറക്കി ചെറിയ പുലിമുട്ടുപോലെ കെട്ടിയിട്ടുണ്ടായിരുന്നഭാഗത്തെ കരിങ്കല്ലുകൾ വലിയതോതിൽ ചിതറിക്കിടക്കുകയാണ്. വ്യാഴാഴ്ചയും ശക്തമായ തിരയടിച്ചു. കനത്തമഴയില്ലെങ്കിലും കാറ്റടിക്കുന്നതിനാലാണ് തിര ശക്തമാകാൻ കാരണമെന്നാണ് പറയുന്നത്. എല്ലാവർഷവും തിരയടിക്കാറുണ്ടെങ്കിലും ഇത്രരൂക്ഷമായ രീതിയിൽ പ്രശ്നങ്ങളുണ്ടാകാറില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. അപകടസാധ്യത കണക്കിലെടുത്ത് പാർക്കിന്റെ ഇടിഞ്ഞുകിടക്കുന്ന ഭാഗത്തേക്ക് ആളുകൾ കടക്കുന്നത് തടയാൻ പ്ലാസ്റ്റിക് കയർകൊണ്ട് കെട്ടിയിട്ടുണ്ട്. അധികൃതർ ഇവിടെ പരിശോധന നടത്തി.

Related Articles

Leave a Reply

Back to top button