നീറ്റ് ചോദ്യപേപ്പർ ചോർച്ച: മഹാരാഷ്ട്രയിൽ ഡോക്ടറെ സിബിഐ അറസ്റ്റ് ചെയ്തു, കോച്ചിങ് സെന്ററുകൾ കേന്ദ്രീകരിച്ചും അന്വേഷണം

മുംബൈ: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഡോക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. ലാത്തൂർ സ്വദേശിയായ ശിശുരോഗ വിദഗ്ദ്ധൻ മനോജ് ഷിരോളിനെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച ലാത്തൂരിലെ ഓൾഡ് ഔസ റോഡിലുള്ള ഇയാളുടെ വസതിയിലും ക്ലിനിക്കിലും സിബിഐ സംഘം വിശദമായ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കൂടുതൽ ചോദ്യം ചെയ്യലിനായി ഡോക്ടറെ പുണെയിലേക്ക് കൊണ്ടുപോയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മനോജ് ഷിരോളിന് ചോദ്യപേപ്പർ വാങ്ങിയവരുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകൾ, ചോർച്ചാ ശൃംഖലയുമായി നടത്തിയ ആശയവിനിമയം എന്നിവ കേന്ദ്രകരിച്ചാണ് അന്വേഷണം നടത്തുന്നത്. മഹാരാഷ്ട്രയിലെ കോച്ചിംഗ്, അഡ്മിഷൻ ശൃംഖലകളിലേക്ക് ചോദ്യപേപ്പർ എത്തിക്കുന്നതിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് സിബിഐ പരിശോധിക്കുന്നുണ്ട്.
നേരത്തെ അറസ്റ്റിലായ കോച്ചിങ് സെന്റർ ഉടമ ശിവ്രാജിന്റെ കുടുംബാംഗങ്ങളെയും സിബിഐ ചോദ്യം ചെയ്തു. പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് (ഏപ്രിൽ 23-ന്) കെമിസ്ട്രി ചോദ്യപേപ്പറും ഉത്തരങ്ങളും ശിവ്രാജിന് ലഭിച്ചതായാണ് സിബിഐ പറയുന്നത്. ഇയാളുടെ ഫോണിൽ നിന്ന് ചോർന്ന ചോദ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശിവ്രാജിന്റെ മകനും പ്രവേശന പരീക്ഷ എഴുതിയതായി കണ്ടെത്തി.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (NTA) ഉദ്യോഗസ്ഥർ മുതൽ പ്രാദേശിക കോച്ചിംഗ് സെന്റർ ഉടമകളും ഇടനിലക്കാരും വരെ ഉൾപ്പെടുന്ന വളരെ ആസൂത്രിതമായ ഒരു വലിയ ശൃംഖലയാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെന്നാണ് സിബിഐ അന്വേഷണത്തിലൂടെ വ്യക്തമാകുന്നത്. പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് തന്നെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളിലൂടെ ടെലിഗ്രാം പോലുള്ള മാധ്യമങ്ങൾ വഴി ചോദ്യപേപ്പർ കൈമാറ്റം ചെയ്തതായാണ് കണ്ടെത്തൽ.





