
കോഴിക്കോട് ;ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡിൽ ഉൾപ്പെട്ട പാവറവയലിൽ ബൈപ്പാസിനു സമീപം കക്കൂസ് മാലിന്യം തള്ളി. ബൈപ്പാസിനോടനുബന്ധിച്ച് നിർമിച്ച കലുങ്കിനടത്താണ് കക്കൂസ് മാലിന്യം തള്ളിയത്. ദുർഗന്ധത്തെ തുടർന്ന് പ്രദേശത്ത് നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് കക്കൂസ് മാലിന്യം തള്ളിയത് അറിഞ്ഞത്. ഇക്കഴിഞ്ഞ 14-നും ഇവിടെ മാലിന്യം തള്ളിയിരുന്നു.
മാലിന്യം തള്ളുന്നവർക്കെതിരേ ശക്തമായ നടപടിയാവശ്യപ്പെട്ട് പ്രദേശവാസികൾ കൊയിലാണ്ടി പോലീസിലും ചെങ്ങോട്ടുകാവ് പഞ്ചായത്ത് അധികൃതർക്കും പരാതിനൽകിയിട്ടുണ്ട്. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡിൽ ആളുകൾ ഇല്ലാത്ത പ്രദേശത്ത് വ്യാപകമായരീതിയിൽ കക്കൂസ് മാലിന്യം തള്ളുന്നതായി നേരത്തേതന്നെ പരാതി ഉയർന്നിരുന്നു. മൂടാടി വെള്ളറക്കാട് ചാലി പ്രദേശത്തും ഇത്തരത്തിൽ മാലിന്യം തള്ളിയിരുന്നു.





