
മേപ്പയ്യൂർ : പഞ്ചായത്തിലെ മഞ്ഞക്കുളത്തുകൂടി വിവാഹസംഘത്തിലെ യുവാക്കളുടെ അപകടകരമായ രീതിയിലുള്ള കാർയാത്ര. കാറിന്റെ ഇരുഭാഗത്തെയും വിൻഡോവിലൂടെ പുറത്തേക്ക് എഴുന്നേറ്റുനിന്നായിരുന്നു ശബ്ദമുണ്ടാക്കിയുള്ള യാത്ര.
അഞ്ചോളം ആഡംബര കാറുകളിലായാണ് യുവാക്കൾ പയ്യോളി പേരാമ്പ്ര റോഡിലൂടെ തിങ്കളാഴ്ച സഞ്ചരിച്ചത്. മറ്റുള്ള വാഹനങ്ങൾക്ക് ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തിൽ യാത്രചെയ്ത സംഭവത്തിൽ നാട്ടുകാർ പരാതി നൽകിയതോടെ അപകടകരമായരീതിയിൽ കാർ ഓടിച്ചതിന് മേപ്പയ്യൂർ പോലീസ് കേസെടുത്തു.
മേപ്പയ്യൂർ നരക്കോട് സ്വദേശിയുടെ വിവാഹത്തിനാണ് ഇത്തരത്തിൽ യാത്ര നടത്തിയതെന്ന് പോലീസ് പറഞ്ഞു. മോട്ടോർ വാഹനവകുപ്പും സംഭവത്തിൽ അന്വേഷണം തുടങ്ങി. വാഹന ഉടമകളോട് ബുധനാഴ്ച പേരാമ്പ്ര ജോ.ആർ.ടി.ഒ ഓഫീസിലോ മോട്ടോർവാഹനവകുപ്പ് കോഴിക്കോട് എൻഫോഴ്സ്‌മെന്റ് ഓഫീസിലോ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും പേരാമ്പ്ര ജോ.ആർ.ടി.ഒ. പി.കെ. പ്രഗീഷ് പറഞ്ഞു.





