
കോഴിക്കോട് : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, ഉത്തരവാദികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ ഹർത്താലിൽ ചിലയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. പലയിടത്തും കടകളും അടഞ്ഞുകിടന്നു.
കോഴിക്കോട് നഗരത്തിൽ വാഹനഗതാഗതം തടസ്സപ്പെടുത്തിയ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മാനാഞ്ചിറ ബി.ഇ.എം. സ്കൂളിനു സമീപത്ത് ചൊവ്വാഴ്ച വാഹനം തടഞ്ഞവരാണിവർ. വേങ്ങേരി നാറാത്ത് താഴത്ത് എൻ.ടി. രാമദാസൻ (54), മലാപ്പറമ്പ് കണ്ണീരിപ്പറമ്പ് കെ.സി. പുഷ്പകുമാർ (63), രമേശ്, കക്കോടി വീഹോം ഹൗസിൽ കെ.പി. ലിജുകുമാർ (46), എകരൂർ പുറായിൽ സി. മോഹൻദാസ് (62), പുത്തൂർമഠം ആരങ്ങാളി മേത്തൽ എൻ.കെ. ജോൺസൺ ബാബു (59), കോട്ടയം കിളിരൂർ കോണത്തൻപതിൽ നെല്ലിക്കുന്ന് ബാബു (65) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
താമരശ്ശേരി മലയോരമേഖലയിൽ ഹർത്താൽ ചലനമുണ്ടാക്കിയിട്ടില്ല. കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യബസുകളും ടാക്സികളുമെല്ലാം പതിവുപോലെ സർവീസ് നടത്തി. കടകളും തുറന്നുപ്രവർത്തിച്ചു.
പേരാമ്പ്ര ടൗണിൽ കടകൾ അടഞ്ഞുകിടന്നു. തുറന്ന ബാങ്കുകളും ബെവറജസും മറ്റു സ്ഥാപനങ്ങളും സമരാനുകൂലികൾ അടപ്പിച്ചു. പേരാമ്പ്രയിൽനിന്ന് ചാനിയംകടവ്, വടകര, പയ്യോളി, കൊയിലാണ്ടി റൂട്ടുകളിൽ ബസ് സർവീസ് നടത്തിയില്ല. കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ ഓടിയ ബസുകളും മറ്റു വാഹനങ്ങളും ചൊവ്വാഴ്ച രാവിലെ സമരാനുകൂലികൾ തടഞ്ഞു. കൂരാച്ചുണ്ടിലും കക്കയത്തും കല്ലാനോട്ടും മേപ്പയ്യൂരിലും കടിയങ്ങാടും ഹർത്താലിൽ കടകൾ അടഞ്ഞുകിടന്നു. കൂരാച്ചുണ്ടിൽ വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തുറന്നിരുന്നെങ്കിലും സമരാനുകൂലികൾ പ്രകടനമായെത്തി അടപ്പിച്ചു. കല്ലാനോട്ടിൽ ഹർത്താൽ അനുകൂലികളും വ്യാപാരികളും തമ്മിൽ വാക്തർക്കമുണ്ടായി. കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം കേന്ദ്രങ്ങളും പ്രവർത്തിച്ചില്ല.
ഹർത്താൽ വിജയിപ്പിക്കുന്നതിന് ഉള്ളിയേരിയിൽ രംഗത്തിറങ്ങിയ ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എം.സി. അനീഷി(47)നെ ബസ് യാത്രക്കാരൻ കൈയേറ്റംചെയ്തതായി പരാതിയുയർന്നു.
അനീഷും പ്രവർത്തകരും ബസുകൾ കൈകാട്ടി നിർത്തി ഹർത്താലിനോട് സഹകരിക്കണമെന്ന് അഭ്യർഥിക്കുകയായിരുന്നു. ഈ സമയത്ത് ബസ് യാത്രക്കാരൻ ഇറങ്ങിവന്ന് കൈയേറ്റംചെയ്യുകയായിരുന്നെന്ന് അനീഷ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.





