Alappuzha

ഡോക്ടറാകാനുള്ള സ്വപ്നം ക്രൂരമർദ്ദനത്തിൽ പൊലിഞ്ഞു’: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയയുടെ മരണം; സഹപാഠിക്ക് എട്ടര വർഷം തടവുശിക്ഷ വിധിച്ചതായി ബന്ധുക്കൾ

Please complete the required fields.




ഹരിപ്പാട് : മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനിൽ സാവരിയ ബസന്ത് (21) മർദനമേറ്റു മരിച്ച കേസിൽ സഹപാഠിക്ക് ഉസ്ബെക്കിസ്ഥാൻ കോടതി എട്ടര വർഷം തടവുശിക്ഷ വിധിച്ചെന്നു വിവരം ലഭിച്ചതായി സാവരിയയുടെ ബന്ധുക്കൾ.

മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൽ അനാമിനെയാണ് (22) ശിക്ഷിച്ചത്. സാവരിയയുടെ കുടുംബം ഏർപ്പെടുത്തിയ അഭിഭാഷകനാണ് ഉസ്ബെക്കിസ്ഥാനിൽ നിന്ന് ഈ വിവരം അറിയിച്ചതെന്നും സാവരിയയുടെ ബന്ധുക്കൾ പറഞ്ഞു.

പ്രതി ഉസ്ബെക്കിസ്ഥാനിലെ ജയിലിൽ തന്നെ ശിക്ഷ അനുഭവിക്കണം. കഴിഞ്ഞമാസം സാവരിയയുടെ പിതാവിനെ കേസിൽ വിസ്തരിച്ചിരുന്നു. വിധിന്യായത്തിന്റെ പകർപ്പു ലഭിച്ചിട്ടില്ല. ഉസ്ബെക്കിസ്ഥാൻ ക്രിമിനൽ കോഡിലെ 104– ാം വകുപ്പു പ്രകാരമാണു തടവു വിധിച്ചത്.10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിതെന്നും അഭിഭാഷകൻ അറിയിച്ചതായി സാവരിയയുടെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്നു ഹരിപ്പാട് പൊലീസ് പറഞ്ഞു.

ബസന്ത്–മിനി സുപ്രഭ ദമ്പതികളുടെ മകളായ സാവരിയ ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ മെഡിസിൻ വിദ്യാർഥിനിയായിരുന്നു. സാവരിയയും സഹപാഠി സദറുൽ അനാമും ഹോസ്റ്റൽ സൗകര്യം കുറവായതിനാൽ ഒരേ ഹോസ്റ്റലിലാണു താമസിച്ചിരുന്നത്.കഴിഞ്ഞ ജൂലൈയിലാണ് കൊലപാതകം നടന്നത്. ആദ്യ സെമസ്റ്റർ പരീക്ഷ കഴിഞ്ഞു നാട്ടിലെത്താനിരിക്കെയാണു സാവരിയയുടെ മരണം. ഹോസ്റ്റലിൽവച്ചു സദറുൽ അനാം സാവരിയയെ ക്രൂരമായി മർദിച്ചെന്നും തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നുമാണു കേസ്.

നാട്ടിൽ സാവരിയയുടെ പിതാവ് നൽകിയ പരാതിയിൽ ഹരിപ്പാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. വിധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.

Related Articles

Back to top button