ഉത്തരാഖണ്ഡിൽ വൻ ബസ് അപകടം: ടെഹ്രി ഗർവാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം; ഇരുപതോളം പേർക്ക് പരിക്ക്

ടെഹ്രി ഗർവാളിൽ ഗുലാർ ബസാറിന് സമീപമുള്ള പാലത്തിന് താഴെയുള്ള കൊക്കയിലേക്ക് ബസ് മറിഞ്ഞ് എട്ട് യാത്രികർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 4.30-ഓടെയായിരുന്നു അപകടം. ഇരുപതോളം പേർക്ക് പരിക്കേറ്റതായും പ്രാഥമിക വിവരം പറയുന്നു. അപകടസമയത്ത് ബസ്സിൽ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.
അപകടവിവരം കിട്ടിയ ഉടൻതന്നെ രക്ഷാപ്രവർത്തനം തുടങ്ങി. ബ്യാസി, ധാൽവാല എന്നിവിടങ്ങളിൽ നിന്നുള്ള ദുരന്തനിവാരണ സേന സംഘം സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റി. എട്ട് പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. അപകടകാരണം എന്താണെന്നതിലും പരിക്കേറ്റവരുടെ ആരോഗ്യനിലയിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ടെഹ്രി ഗർവാൾ ജില്ലാ മജിസ്‌ട്രേറ്റ് നിതിക ഖണ്ടേൽവാളും സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ശ്വേത ചൗബെയും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൊക്കയുടെ ആഴം ഏകദേശം 100 മീറ്ററാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.





