മുഖ്യമന്ത്രിയുടെ സൗജന്യ വിമാനയാത്ര വിവാദം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദമായ സൗജന്യ ചാർട്ടേഡ് വിമാനയാത്രയിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. ഹർജിയിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാറിന്റെ ബെഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്.
പൊതുപ്രവർത്തകനായ കെ. എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ഈ നിർണായക നടപടി. കേസിൽ സർക്കാരിനെ കക്ഷി ചേർക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. വിമാനയാത്ര അഴിമതിയുടെ പരിധിയിൽ വരുമെന്ന് ആരോപിച്ചാണ് കെ. എം. ഷാജഹാൻ ലോകായുക്തയെ സമീപിച്ചത്. ഹർജി ഇനി 2027 ജനുവരി 12-ന് പരിഗണിക്കും.
മലപ്പുറത്തേക്ക് പോകുന്നതിനായാണ് മുഖ്യമന്ത്രി ചാർട്ടേഡ് വിമാന സൗകര്യം ഉപയോഗിച്ചത്. വിമാനം സ്പോൺസർ ചെയ്തതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നെങ്കിലും, ആ സ്പോൺസർ ആരാണെന്ന് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ പലതവണ ചോദിച്ചിട്ടും വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. തുടർന്ന് വിമാനത്തിന്റെ തുക അടച്ചത് ചിപ്സൺ ഏവിയേഷൻസ് ആണെന്ന വിവരവും ഇൻവോയ്സും പുറത്തുവന്നത് വലിയ വിവാദങ്ങൾക്കിടയാക്കി.
ഹർജി തള്ളണമെന്നും സർക്കാരിന്റെ ആവശ്യത്തിനാണ് മുഖ്യമന്ത്രി സഞ്ചരിച്ചതെന്നും സ്പോൺസറെ വെളിപ്പെടുത്തേണ്ടതില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ ടി. അസഫലി വാദിച്ചെങ്കിലും ലോകായുക്ത അത് തള്ളുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതോടെ സ്പോൺസർ ആരാണെന്ന കാര്യം മുഖ്യമന്ത്രിക്ക് ലോകായുക്തയ്ക്ക് മുന്നിൽ വ്യക്തമാക്കേണ്ടി വരും. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് അടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ മുൻപ് ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.





