ആർ.എസ്.എസ് താല്പര്യം പാലിക്കുന്ന അടിമയായി മുഖ്യമന്ത്രി മാറി; ചില നുണകൾ സതീശൻ സത്യം പോലെ പറയുന്നു’: കടുത്ത വിമർശനവുമായി പി. രാജീവ്

ഡൽഹിയിൽ മുൻ മന്ത്രി പി രാജീവ് മുഖ്യമന്ത്രി വി ഡി സതീശൻ, മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. രാജേന്ദ്ര അർലേക്കറുടെ അടിമയാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു.
കാലടി സർവകലാശാലയിൽ എസ് എഫ് ഐ ആക്രമിച്ചു എന്ന് മുഖ്യമന്ത്രി എങ്ങനെ ഉറപ്പിച്ചു പറയുന്നു എന്നായിരുന്നു രാജീവിന്റെ ചോദ്യം. ആർ എസ് എസ് താൽപര്യം പാലിക്കുന്ന അടിമയായി മുഖ്യമന്ത്രി മാറിയെന്നും നുണകൾ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി അദ്ദേഹം മാറിയെന്നും പി രാജീവ് ആരോപിച്ചു.
കാലടിയിൽ ആദ്യ എഫ് ഐ ആർ ഇട്ടത് വഴി തടയൽ ആണെന്നും പിന്നീട് അന്നത്തെ ഗവർണർ നേരിട്ട് ഡിജിപിയെ വിളിച്ചുവെന്നും പി രാജീവ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ചില വെളിപ്പെടുത്തലുകൾ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നിലപാടിനെയും പി രാജീവ് വിമർശിച്ചു. വൈദ്യുതി 8.5 രൂപയ്ക്ക് വാങ്ങണം എങ്കിൽ 24 മണിക്കൂറും വാങ്ങണമെന്നും, പീക്ക് സമയത്ത് അല്ലാതെ ബാക്കി സറണ്ടർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
മിച്ചമുള്ളത് ചുരുങ്ങിയ നിരക്കിലോ സൗജന്യമായോ സറണ്ടർ ചെയ്യണമെന്നും ഈ കമ്പനിയുമായി എങ്ങനെ കരാറിലെത്തി എന്നും പി രാജീവ് ചോദിച്ചു. ടെൻഡറുകൾ ഇല്ലാതെ അടിയന്തര സാഹചര്യത്തിൽ വൈദ്യുതി വാങ്ങേണ്ട ആവശ്യമുണ്ടോ എന്നും അദ്ദേഹം ഉന്നയിച്ചു.ഈ നീക്കം സർക്കാരിന് വലിയ ബാധ്യത ഉണ്ടാക്കുമെന്നും അതീവ ഗൗരവമായ വിഷയമാണെന്നും പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രി ചില നുണകൾ സത്യം പോലെ പറയുന്നു, വലിയ അഴിമതിയാണ് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം വിമർശിച്ചു.





