സംശയം മൂത്ത് സാത്താനായി ഭർത്താവ്…! ഭാര്യയെ കസേരയിൽ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി, ഭർത്താവ് മക്കളുമായി ഒളിവിൽ

കനൗജ് : ഭാര്യയെ കസേരയിൽ കെട്ടിയിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് മക്കളുമായി ഒളിവിൽ പോയി. സോനം (30) ആണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ ജഗത്പൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. കൃത്യം നടത്തിയ ശേഷം ഭർത്താവ് സുഖ്ബീർ സിങ് (മോനു), മക്കളായ ഏഴു വയസ്സുകാരനെയും അഞ്ചു വയസ്സുകാരിയെയും കൂട്ടി രക്ഷപ്പെടുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.സോനത്തെ കസേരയിൽ കെട്ടിയിട്ട ശേഷം പ്രതി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 11 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഹരിയാനയിലെ ഹിസാറിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന സുഖ്ബീർ, 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സോനത്തിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി ചിവ്റാമൗ സ്റ്റേഷൻ ഹൗസ് ഓഫിസർ കപിൽ ദുബെ പറഞ്ഞു.
വീടിനുള്ളിൽ തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. ഫയർഫോഴ്സ് ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ സോനത്തിന്റെ കത്തിക്കരിഞ്ഞ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.





