Kozhikode

വടകര മണിയൂർ പോക്‌സോ കേസ്: പ്രവാസി വ്യവസായി അബ്ദുൾ റഫീഖിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Please complete the required fields.




കോഴിക്കോട്: ഏറെ വിവാദമായ മണിയൂർ പോക്‌സോ കേസിൽ അറസ്റ്റിലായ പ്രവാസി വ്യവസായി വടകര ബാങ്ക് റോഡ് സ്വദേശി ചങ്ങരോത്ത് അബ്ദുൾ റഫീഖിനെ (48) ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള കൊയിലാണ്ടി പോക്‌സോ കോടതി വിധി മുൻപ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ വിഷയം വിശദമായി പരിഗണിച്ച ഹൈക്കോടതി ബുധനാഴ്ച രാവിലെ ഈ സ്റ്റേ നീക്കി. വിധി വന്ന് മിനിറ്റുകൾക്കകം കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് കാറിൽ വരികയായിരുന്ന റഫീഖിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു.

ഒന്നരവർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മണിയൂർ സ്വദേശിനിയായ പതിനൊന്നു വയസ്സുകാരിയെ മാതാവിന്റെ സുഹൃത്തായ റഫീഖ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡനത്തിനിരയാക്കി എന്നാണ് കേസ്.

നേരത്തെ പ്രതിയെ പിടികൂടാൻ വൈകിയതും ഇയാൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിച്ചതും വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പൊലീസിനെതിരെ ജനരോഷം ശക്തമായതിനെ തുടർന്നാണ് കേസ് അന്വേഷണം കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രതി പിടിയിലായ വിവരമറിഞ്ഞ് വടകര മണിയൂരിൽ സ്ത്രീകളടക്കമുള്ള നാട്ടുകാർ ആഹ്ലാദപ്രകടനം നടത്തി.

വടകര മണിയൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ അബ്ദുൾ റഫീഖ് മാതാവിന്‍റെ സഹായത്തോടെ തന്നെ പീഡിപ്പിച്ചെന്ന 12 കാരിയുടെ വെളിപ്പെടുത്തലിൽ കഴിഞ്ഞ ജനുവരി 16നാണ് പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് വർഷത്തോളം പ്രതി റഫീഖ് തന്നെ ക്രൂരമായി പീഡിപ്പിച്ചതായിരുന്നു പെൺകുട്ടിയുടെ മൊഴി.

പൊലീസ് കേസ് എടുത്തതോടെ റഫീഖ് വിദേശത്തേക്ക് കടന്നു. ഇതോടെ പെൺകുട്ടിയുടെ മാതാവിനെ മാത്രമായിരുന്നു പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. പിന്നീട് നാട്ടിലെത്തിയ ഇയാൾ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കീഴടങ്ങി ജാമ്യം നേടി. ഇതോടെയാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച പ്രതിഷേധം ശക്തമാക്കിയത്.

Related Articles

Back to top button