കോട്ടയത്ത് ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി ആരോപണം; ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

കോട്ടയം: ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി പരാതി. പൂഞ്ഞാർ സ്വദേശി അഭിലാഷാണ് ഈരാറ്റുപേട്ട പൊലീസിനെതിരെ കോട്ടയം എസ്.പിക്ക് പരാതി നൽകിയത്. മോഷണ കേസിലെ പരാതിയിലാണ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം യുവാവിന്റെ ആരോപണം നിഷേധിക്കുകയാണ് പൊലീസ്.
കെഎസ്ഇബിയിലെ കരാർ ജീവനക്കാരനാണ് പൂഞ്ഞാർ സ്വദേശി അഭിലാഷ്. അടുത്തിടെ വൈദ്യുതി കമ്പി മോഷണം പോയെന്ന് kseb പരാതി നൽകിയിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് അഭിലാഷിനെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. മഫ്തിയിൽ വീട്ടിലെത്തിയ പോലീസുകാർ വീട്ടിൽ വച്ചും പിന്നീട് സ്റ്റേഷനിൽ വച്ച് മർദ്ദിചെന്നാണ് അഭിലാഷിന്റെ പരാതി.
തലയ്ക്ക് പിന്നിൽ അടക്കം പരിക്കേറ്റ അഭിലാഷ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. എന്നാൽ അഭിലാഷിന്റെ പരാതി തള്ളുകയാണ് പോലീസ്. ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണ് അഭിലാഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പാലാ ഡിവൈഎസ്പിയുടെ വിശദീകരണം. പരാതി ലഭിച്ച പശ്ചാത്തലത്തിൽ അന്വേഷണം നടത്തുമെന്ന് കോട്ടയം എസ് പി വ്യക്തമാക്കി.





