Ernakulam

പേരക്കുട്ടിക്ക് ഓണക്കോടി സമ്മാനിക്കാനുള്ള യാത്ര കണ്ണീരായി; ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ച് വീട്ടമ്മ മരിച്ചു

Please complete the required fields.




കൊച്ചി: നെടുമ്പാശേരിയിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു. മാള കൂഴൂർ തുമ്പരശ്ശേരി ചെരിവുപറമ്പിൽ ശശിയുടെ ഭാര്യ വത്സലയാണ് (68) മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് ദാരുണ അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന ശശി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഞായറാഴ്ച രാവിലെ 10:20-ഓടെ അത്താണി എയർപോർട്ട് റോഡിൽ സുവർണോദ്യാനത്തിന് സമീപമായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയടിച്ചു വീണ വത്സലയെ ഉടൻ തന്നെ ദേശം സി.എ. ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.

തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി അങ്കമാലി എൽ.എഫ്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെടുവന്നൂർ സ്വദേശിനിയായ വത്സല, സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടി നൽകാൻ പോകുന്നതിനിടയിലാണ് ഈ ദുരന്തം ഉണ്ടായത്. കൂഴൂരിലെ ഒരു സോഫ്റ്റ് ഡ്രിങ്ക് കമ്പനിയിലെ ജീവനക്കാരിയായിരുന്നു. എസ്.എൻ.ഡി.പി. യോഗം ആലുവ യൂണിയൻ മുൻ സെക്രട്ടറി കെ.എൻ. ദിവാകരന്റെ സഹോദരിയാണ്.

മക്കൾ: ശരണ്യ, ശില്പ. മരുമക്കൾ: മനു, അഭിലാഷ്. തിങ്കളാഴ്ച രാവിലെ അങ്കമാലി ഗവ. ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

Back to top button