പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; ഓഫീസ് ഉപരോധിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും, പൊലീസുമായി ഉന്തും തള്ളും

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസ്സും. മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് കേരളത്തിൽ വ്യാപക പ്രതിഷേധമുയരുന്നത്.
കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യുവജന സംഘടനകൾ പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസ് ഉപരോധിച്ചു. പോലീസ് തീർത്ത സുരക്ഷാവലയങ്ങൾ ഭേദിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫീസിലേക്ക് ഇരച്ചുകയറിയത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി ജയദേവന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഡിവിഷൻ ഓഫീസിനുള്ളിലേക്ക് പ്രവേശിച്ചു.
ഓഫീസിന്റെ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ശക്തമായ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഡിവൈഎഫ്ഐക്ക് പുറമേ സിപിഐഎം പ്രവർത്തകരും ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ദക്ഷിണ സോണിന്റെ ഭാഗമായ പാലക്കാട് ഡിവിഷനിലെ ചില ഭാഗങ്ങൾ വേർപെടുത്തി ദക്ഷിണ പശ്ചിമ സോണിന്റെ കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ കേരളത്തിൽ നിന്ന് വലിയ വിമർശനമാണ് ഉയരുന്നത്. തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് രാഷ്ട്രീയ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.





