300 രൂപയ്ക്ക് കിട്ടുന്ന സദ്യയ്ക്ക് ബുക്ക് ചെയ്യാന്‍ 3000 മുതല്‍ 5000 രൂപ വരെ; ആറന്മുള വള്ളസദ്യയുടെ പേരില്‍ തട്ടിപ്പ് വ്യാപകമെന്ന് പരാതി

ആറന്മുള: വള്ളസദ്യയുടെ പേരില്‍ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരനെന്ന വ്യാജേനയാണ് യുവാവ് തട്ടിപ്പ് നടത്തിയത്. സദ്യക്ക് ബുക്ക് ചെയ്യാനെന്ന് പറഞ്ഞ് വന്‍തുക വാങ്ങിയാണ് തട്ടിപ്പ്.
ആറന്മുള സദ്യക്ക് പുറത്തുനിന്നുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. 300 രൂപയാണ് സദ്യക്ക് വില ഈടാക്കുന്നത്. എന്നാല്‍, തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍തുക ഈടാക്കിയാണ് തട്ടിപ്പ്. 3000 മുതല്‍ 5000 രൂപവരെ വാങ്ങിയാണ് യുവാവ് തട്ടിപ്പ് നടത്തുന്നത്. വന്‍തുക നല്കി ആറന്മുള സദ്യക്കായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് പലരും കബളിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്. ഓണ്‍ലൈന്‍ വഴി സ്ത്രീകളാണ് തട്ടിപ്പിനിരയായവരില്‍ കൂടുതല്‍.
പള്ളിയോട സേവാസംഘം വഴി രണ്ടു പരാതികള്‍ ഇതിനോടകം ആറന്മുള സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. ശക്തമായ നടപടി വേണമെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പള്ളിയോട സേവാസംഘം നല്കുന്ന സ്പെഷ്യല്‍ പാസുകള്‍ 10 ദിവസം മുന്‍പേ തീര്‍ന്നിരുന്നു. ഇക്കൊല്ലം ഇനി സ്പെഷ്യല്‍ പാസുകള്‍ ഇല്ലെന്നിരിക്കെയാണ് അത് മറച്ചുവെച്ച് തട്ടിപ്പ് നടത്തുന്നത്. സെപ്തംബര്‍ 16 വരെയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വള്ളസദ്യ ഉണ്ടായിരിക്കുക.





