ഇടുക്കിയിൽ കനത്ത മഴ; ചിന്നക്കനാൽ പവർ ഹൗസിന് സമീപം കെട്ടിടം തകർന്നു വീണു, 15 കുടുംബങ്ങൾ ഭീതിയിൽ

ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് വൻ ദുരന്തം. ചിന്നക്കനാൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിന് സമീപം നിർമ്മാണം നടന്നുവന്നിരുന്ന വലിയ കെട്ടിടമാണ് ശക്തമായ മഴയിൽ പൂർണ്ണമായി ഇടിഞ്ഞുതാഴ്ന്നു. ഇടുക്കിയിൽ മഴ കനത്തതോടെ സമീപവാസികളായ പതിനഞ്ചോളം കുടുംബങ്ങളാണ് എന്തു ചെയ്യണമെന്നറിയാതെ കടുത്ത ആശങ്കയിലും ഭീതിയിലുമായിരിക്കുന്നത്.
പ്രദേശത്ത് വലിയ തോതിൽ കുന്ന് ഇടിച്ചുനിരത്തിയും മണ്ണ് നീക്കം ചെയ്തുമാണ് ഈ കെട്ടിടത്തിന്റെ നിർമാണം നടത്തിയിരുന്നതെന്ന ഗുരുതരമായ ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള അതീവ ദുർബലമായ റെഡ് സോണിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. ഇത്രയും അപകടാവസ്ഥയുള്ള മേഖലയിൽ ഈ രീതിയിൽ നിർമ്മാണത്തിന് അനുമതി നൽകിയതാണ് ഇപ്പോൾ വലിയ തോതിലുള്ള അപകടാവസ്ഥയ്ക്ക് കാരണമെന്ന് പ്രദേശവാസികൾ രൂക്ഷമായി വിമർശിക്കുന്നു.
അതിനിടെ, സംസ്ഥാനത്ത് കാലവർഷം കൂടുതൽ ഭീകരമായി ശക്തിപ്രാപിക്കുകയാണ്. അതേസമയം കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ എന്നിവ നടത്തുന്ന സ്ഥാപനങ്ങളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കാൻ പാടില്ല. എന്നാൽ, കുട്ടികൾ ക്യാമ്പസിൽ താമസിച്ചു പഠിക്കുന്ന റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും സാധാരണപോലെ പ്രവർത്തിക്കാമെന്ന് അധികൃതർ അറിയിച്ചു.സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ടും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.





