India

സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നു’… ഇ20 പെട്രോൾ മൈലേജ് കുറയ്ക്കും: ജനങ്ങളുടെ പരാതി തള്ളിയ കേന്ദ്രത്തിനെതിരെ എ റഹീം എംപി

Please complete the required fields.




ന്യൂഡൽഹി: ഇ20 പെട്രോൾ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം രാജ്യസഭാ എംപി എ റഹീം വിമർശിച്ചു. മൈലേജ് കുറയുന്നതും എൻജിൻ തകരാറിലാകുന്നതും ഉൾപ്പെടെയുള്ള ജനങ്ങളുടെ പരാതികൾ “ശുദ്ധ കളവാണ്” എന്ന് പറഞ്ഞ് സർക്കാർ തള്ളിക്കളയുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇ20 പെട്രോൾ മൈലേജിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും മൈലേജ് കുറയുന്നത് ഡ്രൈവിംഗ് ശീലങ്ങൾ കൊണ്ടാണെന്നുമാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ ഔദ്യോഗിക മറുപടി. എന്നാൽ ഈ മറുപടി വസ്തുതാവിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് എ റഹീം ചൂണ്ടിക്കാട്ടി.

സർക്കാർ തന്നെ പഠനത്തിനായി ചുമതലപ്പെടുത്തിയ ‘ഓട്ടോമേറ്റീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ’യുടെ ഡയറക്ടർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. അതനുസരിച്ച് ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജിൽ 2.6 ശതമാനത്തോളം കുറവുണ്ടാക്കുമെന്ന് ARAI(ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ) വ്യക്തമാക്കിയിട്ടുണ്ട്.സ്വന്തം ഏജൻസി നൽകിയ റിപ്പോർട്ടിന് വിരുദ്ധമായാണ് കേന്ദ്രം പാർലമെന്റിൽ മറുപടി നൽകിയതെന്ന് എംപി പറഞ്ഞു. ഈ വസ്തുതാവിരുദ്ധമായ മറുപടിക്കെതിരെ രാജ്യസഭാ ചെയർമാന് പ്രത്യേക നോട്ടീസ് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ബ്രസീൽ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ ഇ20 പെട്രോളിനൊപ്പം ഇ8, ഇ15 തുടങ്ങിയ മറ്റ് ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭ്യമാണ്. എന്നാൽ ഇന്ത്യയിൽ മറ്റ് യാതൊരു ഓപ്ഷനുകളും നൽകാതെ ഇ20 പെട്രോൾ അടിച്ചേൽപ്പിക്കുകയാണെന്ന് എ റഹീം കുറ്റപ്പെടുത്തി. ആ രാജ്യങ്ങളിലെ വാഹനങ്ങൾ എത്തനോൾ മിശ്രിത ഇന്ധനത്തിന് അനുയോജ്യമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.എന്നാൽ ഇന്ത്യയിൽ അത്തരത്തിൽ രൂപകൽപ്പന ചെയ്യാത്ത പഴയ മോഡൽ വാഹനങ്ങളിൽ പോലും ഈ ഇന്ധനം നിർബന്ധപൂർവ്വം ഉപയോഗിക്കേണ്ടി വരുന്നത് ഗുരുതരമായ എൻജിൻ പ്രശ്നങ്ങൾക്കും അറ്റകുറ്റപ്പണി ചെലവ് വർദ്ധിക്കുന്നതിനും കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇ20 പെട്രോളുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ താല്പര്യങ്ങളിൽ വലിയ ദുരൂഹതയുണ്ടെന്നും ARAI(ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പൂർണ പഠന റിപ്പോർട്ടുകൾ പുറത്തുവിടാത്തത് എന്തൊക്കെയോ ഒളിക്കാനുള്ളതുകൊണ്ടാണെന്നും എ എ റഹീം എംപി ആരോപിച്ചു. ജനങ്ങളുടെ ആശങ്കകൾ കേൾക്കാതെയും ശാസ്ത്രീയ തെളിവുകൾ മറച്ചുവെച്ചും ഇന്ധനം നിർബന്ധമാക്കുന്നത് സാധാരണക്കാരോടുള്ള വഞ്ചനയാണ്. സർക്കാർ ഉടൻ ഈ വിഷയത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button