
കോഴിക്കോട്: കേരളത്തിൽ തുടർച്ചയായ രണ്ടു ദിവസങ്ങളിലെ വിലയിടിവിന് വിരാമമിട്ട് സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയായി മാറി. ബുധനാഴ്ചയെ അപേക്ഷിച്ച് പവന് 600 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 13,230 രൂപ നൽകേണ്ടി വരും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 75 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കുറച്ചു ദിവസങ്ങളായി ശാന്തമായിരുന്ന പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായതാണ് സ്വർണവിലയിലെ ചാഞ്ചാട്ടങ്ങൾക്ക് പ്രധാന കാരണമായത്.
യുദ്ധം ചെങ്കടലിലൂടെയും പേർഷ്യൻ ഗൾഫിലൂടെയുമുള്ള എണ്ണ കയറ്റുമതിയെ കാര്യമായി ബാധിച്ചേക്കാമെന്ന ആശങ്ക വിപണിയിൽ വ്യാപകമായിട്ടുണ്ട്. അമേരിക്ക പലിശ നിരക്കിൽ മാറ്റമില്ലാതെ വായ്പ നയം പ്രഖ്യാപിച്ചത് ആഗോള വിപണികളെ എങ്ങനെ സ്വാധീനിക്കും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
സാധാരണ കുടുംബങ്ങളിൽ പെൺകുട്ടികളുടെ വിവാഹത്തിനായി സ്വർണം വാങ്ങി വെക്കുന്നതും അണിയിക്കുന്നതും വലിയൊരു ബാധ്യതയാണ്. പവന്റെ വില ലക്ഷം കവിയുമ്പോൾ വിവാഹച്ചെലവുകൾ കുടുംബങ്ങളുടെ താളം തെറ്റിക്കുന്നു. അതേസമയം അത്യാവശ്യ ഘട്ടങ്ങളിൽ ചെറിയ വായ്പകൾക്കായി സ്വർണം പണയം വെക്കുന്ന സാധാരണക്കാർക്ക് വിലവർധനവ് ആശ്വാസമാണെങ്കിലും, തിരിച്ചടവ് മുടങ്ങുമ്പോൾ തിരിച്ചെടുക്കാൻ കഴിയാത്ത സാഹചര്യം ഇത് സൃഷ്ടിക്കുന്നു.സ്വർണത്തിന്റെ അടിസ്ഥാന വിലയ്ക്ക് പുറമെ ഉയർന്ന പണിക്കൂലിയും ജി.എസ്.ടിയും ചേരുമ്പോൾ സാധാരണക്കാരുടെ കൈകളിൽ നിന്ന് വലിയൊരു തുകയാണ് അധികമായി നഷ്ടപ്പെടുന്നത്.





