World

കാലൊടിഞ്ഞ് ആശുപത്രിയിലെത്തിയ രോഗിക്ക് ഹൃദയ ശസ്ത്രക്രിയ; പിന്നാലെ രോഗി മരിച്ചു, ഡോക്ടർമാർക്കെതിരെ കേസ്

Please complete the required fields.




പാനിപ്പത്ത്: കാൽ ഒടിവിന് ചികിത്സയ്ക്കായി എത്തിയ യുവതി അനുമതിയില്ലാതെ നടത്തിയ ഹൃദയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിച്ചു. ഹരിയാനയിലെ പാനിപ്പത്തിലെ ജിടി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലെ ഗുരുതര ചികിത്സാ വീഴ്ചയിലാണ് യുവതി മരിച്ചത്. സംഭവത്തിൽ ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശ് സ്വദേശിനിയായ ഗുഡ്ഡി ദേവി (പേര് മാറ്റിയിരിക്കുന്നു) ആണ് മരിച്ചത്. റോഡപകടത്തിൽ കാൽ ഒടിഞ്ഞതിനെ തുടർന്ന് ജൂലൈ 24നാണ് യുവതിയെ പാനിപ്പത്തിലെ പാർക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

കാലിലെ പൊട്ടിയ എല്ലിന് പ്ലാസ്റ്ററിടാനായാണ് ഗുഡ്ഡി ദേവിയെ ആശുപത്രിയിലെത്തിച്ചതെന്ന് കുടുംബം പറയുന്നു. എന്നാൽ ചികിത്സയുടെ അടുത്ത ദിവസം ആശുപത്രി അധികൃതർ യുവതിയുടെ ഹൃദയ രക്തക്കുഴലിൽ തടസ്സം കണ്ടെത്തിയെന്നും അതിനാൽ സ്റ്റൻറ് സ്ഥാപിച്ചെന്നും കുടുംബത്തെ അറിയിക്കുകയായിരുന്നു. അത്തരമൊരു ശസ്ത്രക്രിയയെ കുറിച്ചോ രോഗത്തെ കുറിച്ചോ മുൻപ് ആശുപത്രി അധികൃതർ തങ്ങളോട് പറഞ്ഞിരുന്നില്ലെന്നും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ രേഖകളിൽ ഒപ്പിട്ടില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

മരിച്ച സ്ത്രീയുടെ മകൻ കുൽദീപ് നൽകിയ പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കുള്ള സമ്മതപത്രത്തിൽ കുടുംബാംഗങ്ങളുടെ ഒപ്പുകൾ ആശുപത്രി അധികൃതർ വ്യാജമായി രേഖപ്പെടുത്തിയെന്നാണ് പരാതി. ചികിത്സയെക്കുറിച്ച് വിശദീകരണം തേടിയപ്പോൾ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചതായും കുൽദീപ് പറയുന്നു.
ചികിത്സാപിഴവും വഞ്ചനയും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ആശുപത്രിക്കെതിരെ പോലീസിൽ പരാതി നൽകിയത്. മകന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
അതേസമയം കുടുംബത്തിന്‍റെ ആരോപണങ്ങൾക്ക് ആശുപത്രി അധികൃതർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് പോലീസ് അറിയിച്ചു

Related Articles

Back to top button